ലൊഹാനകളുടെ ലോകനാർകാവ്

  1

  വടക്കൻ പാട്ടിന്‍റെയും കഥകളി ആശാന്മാരുടെയും കളരിയുടെയും ചരിത്രം ഉറങ്ങുന്ന വടകരയുടെ മണ്ണിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുകൾപെറ്റ ലോകനാർ കാവ് ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ കാലത്തിന്‍റെ വളരെ പിന്നിൽ പെട്ടെന്ന് എത്തിപ്പെട്ടതായാണ് തോന്നിയത്. പ്രാചീന ശിലകളുടെ ഗന്ധം, ആൽത്തറ, ചുവർ ചിത്രങ്ങൾ, ദാരുശില്പങ്ങൾ ഇവയെല്ലാം ക്ഷേത്ര പ്രൗഢിയോടപ്പം കേരളീയ കലാ പാരമ്പര്യത്തിന്‍റെ തനിമയും മനോഹാരിതയും വിളിച്ചോതുന്നു.
  നടയ്ക്കൽ ഭക്തരുടെ തിര തള്ളലൊ നീണ്ട നിരയോ ഒന്നും ഇല്ലായിരുന്നു. ദേവിക്ക് മുമ്പിൽ പൂ മാലകളും തിരികളുമായി ഏതാനും ഭക്തരും ക്ഷേത്ര ഭാരവാഹികളും മാത്രം.
  മൂന്ന് ക്ഷേത്രങ്ങൾ അടങ്ങുന്ന ഒരു സമുച്ചയമാണ് ലോകനാർ കാവ്. പ്രധാന ക്ഷേത്രം ഭഗവതി ക്ഷേത്രമാണ്. തൊട്ടു വടക്ക് ഭാഗത്തായി ശിവ ക്ഷേത്രവും അതിന് തൊട്ടടുത്തായി വിഷ്ണു ക്ഷേത്രവും ഉണ്ട്. താഴെ ക്ഷേത്രങ്ങൾ എന്നാണ് ഇവയെ സാധാരണ പറയുക. ദുർഗ, ശിവൻ, വിഷ്ണു, എന്നീ മൂന്ന് ശക്തികളുടെ വൈഷ്ണവ ശാക്തേയ ശൈവ സങ്കല്പങ്ങളുടെ സമന്വയം സാക്ഷാത്കരിച്ച ഒരു അപൂർവ ക്ഷേത്രമാണ് ലോകനാർ കാവ്.
  ഗണപതി പ്രതിഷ്ഠയുള്ള അരയാൽ തറയും ശീതള ഛായ നൽകി ഭക്തരെ ആശ്വസിപ്പിക്കുന്ന കൂറ്റൻ പൈൻ മരങ്ങളും കൊന്ന മരങ്ങളും കാവിന് ചാരുതയേകുന്നു.

  ലോകനാർകാവ്

  ഗുജറാത്ത് ഉൾപ്പടെയുള്ള സിന്ധ് പ്രദേശത്ത് നിന്നും പുറപ്പെട്ട ‘ലൊഹാന’ വിഭാഗമാണ് ലോകനാർ കാവ് സ്ഥാപകർ എന്ന് വിശ്വാസമുണ്ട്. ‘ലൊഹാന’ ജനവിഭാഗം ബ്രാഹ്മണ – ക്ഷത്രിയ ജാതികളിൽ ഉൾപ്പെട്ടവരായിരുന്നു. ‘ലൊഹാനകൾ’ സ്ഥാപിച്ച ക്ഷേത്രങ്ങൾ എന്ന അർത്ഥത്തിൽ ‘ലൊഹനാർ കാവ്’ എന്ന് ക്ഷേത്രത്തിന് പേര് വന്നു. ‘ലൊഹനാർ കാവ്’ ക്രമേണ ‘ലോകനാർ കാവ്’ എന്നായി മാറി. അന്തരിച്ച പ്രശസ്ത സംഗീത സാമ്പ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവരുടെ ജന്മ ഗ്രഹം ലോകനാർ കാവിലെ പേരാക്കൂൽ മഠമാണ്. ഭാഗവതര്‍ കൊളുത്തിയ സംഗീത ദീപം കാവിലും സമീപ പ്രദേശങ്ങളിലുമുള്ള ഗായകരും സംഗീത ആസ്വാദകരും അണയാതെ കാത്ത് സൂക്ഷിക്കുന്നു.
  സമ്പന്നമായ ചിത്ര ശില്പകലാപാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ഇടമാണ് ലോകനാർകാവ്.
  ചൈനയിൽ നിന്നും കൊണ്ടുവന്ന പ്രത്യേകതരം കളിമണ്ണ് പൂശിയതാണ് ലോകനാർകാവിലെ പുറം ഭിത്തി. ഇതിൽ ദേവീ ദേവൻമാരുടെ ചിത്രങ്ങൾ വളരെ മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. ഈ ചിത്രങ്ങൾ പതിനഞ്ചാം നൂറ്റാണ്ടിൽ വരച്ചവയാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്‍റെ കിഴക്കുഭാഗത്തുള്ള മുൻവാതിലിന്‍റെ പടിക്ക് തൊട്ട് മുമ്പിൽ മനോഹരമായ ദൃശ്യാവിഷ്കാരമുണ്ട്.

  പയങ്കുറ്റിമല


  ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രത്തിന് സമീപം പ്രകൃതി രമണീയമായ പയങ്കുറ്റിമല നില കൊള്ളുന്നു. സൂര്യോദയവും അസ്ഥമയവും അതിമനോഹരമായി കാണാൻ കഴിയുന്ന ഈ സ്ഥലം ഇന്നൊരു പുണ്യ കേന്ദ്രമാണ്. മുത്തപ്പ ദേവനാണ് പയങ്കുറ്റി മലയിലെ പ്രധാന പ്രതിഷ്ഠ. നഗരകാഴ്ചകളിൽ മാത്രം സംതൃപ്തരാവാതെ സഞ്ചാരികൾ ഗ്രാമങ്ങളിലേയ്ക്ക് ചേക്കേറാറുണ്ട്. പ്രകൃതി ഭംഗിയോടൊപ്പം നാടിന്‍റെ സംസ്കാരവും തനിമയും പ്രത്യേകതകളും നേരിൽ കണ്ട് മനസ്സിലാക്കാൻ അവർ ഇഷ്ടപ്പെടുന്നു. ഇത്തരം മാറ്റങ്ങൾ പയങ്കുറ്റി മല പോലുള്ള ഉൾനാടൻ സഞ്ചാര കേന്ദ്രങ്ങളെയും ലോകനാർ കാവിനെയും പ്രഥമസ്ഥാനത്തേയ്ക്ക് ഉയർത്തുന്നു.