മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 2)

0

സർക്കസ് കൂടാരത്തിലെ ജീവിതങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ജി ജോർജ്ജ് സംവിധാനം ചെയ്ത ‘മേള’ മമ്മൂട്ടിയുടെ കരിയറിലെ മികച്ച തുടക്കമായി വിലയിരുത്തപ്പെടുന്ന അതേ വർഷത്തിൽ തന്നെയാണ് ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ ലൂടെ മോഹൻ ലാൽ പ്രതിനായക വേഷത്തിൽ ശ്രദ്ധേയനാകുന്നത്. രണ്ടു സിനിമകളിലെ പ്രണയത്തിനും ചില സാദൃശ്യങ്ങൾ വേണമെങ്കിൽ പറഞ്ഞു വക്കാം. ‘മേള’ യിൽ സർക്കസിലെ കുള്ളന്റെ സുന്ദരിയായ ഭാര്യയെ മമ്മൂട്ടിയുടെ കഥാപാത്രം സ്നേഹിക്കുകയും ആ പ്രണയം അവരുടെ മൂന്നു പേരുടെയും ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നതിന് സമാനമായാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ ൽ നരേന്ദ്രന്റെ ഭാര്യയായ പ്രഭയെ പ്രേം കൃഷ്ണൻ പ്രേമിക്കുക വഴിയുണ്ടാകുന്ന പ്രശ്നങ്ങളും. കഥാപാത്രങ്ങൾക്കിടയിൽ രൂപപ്പെടുന്ന പ്രണയത്തിന്റെ അവസ്ഥ ഒന്ന് തന്നെയെങ്കിലും കഥാപാശ്ചാത്തലവും അവതരണ രീതിയും കഥാപാത്ര നിർമ്മിതിയും കൊണ്ട് വ്യത്യാസപ്പെട്ടു തന്നെ കിടക്കുന്നു രണ്ടു സിനിമകളും. 1983 ൽ ‘കൂടെവിടെ’ യിലൂടെ അരങ്ങേറ്റം കുറിച്ച റഹ്മാൻ മമ്മൂട്ടിക്കും മോഹൻലാലിനും മുന്നേ താരപദവിയിലെത്തിയ ഒരു നടനായിരുന്നു. എൺപതു കാലങ്ങളിലെ സിനിമകളിലെല്ലാം ചെറുതും വലുതുമായ റൊമാന്റിക് വേഷങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധേയനായെങ്കിലും എടുത്തു പറയ തക്ക മികച്ച പ്രണയ സിനിമകളുടെ ഭാഗമാകാൻ റഹ്‌മാന്‌ സാധിച്ചില്ല എന്ന് വേണം കരുതാൻ.

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 1)

മലയാള സിനിമാ പ്രണയകാലങ്ങളിലൂടെ ഒരെത്തി നോട്ടം (ഭാഗം 3)

ത്രികോണ പ്രേമ സങ്കല്പങ്ങൾ താരതമ്യേന മലയാളത്തിൽ കണ്ടു തുടങ്ങിയില്ലാത്ത കാലത്ത് ഹരിഹരന്റെ സംവിധാന മികവ് കൊണ്ടും എം.ടിയുടെ തിരക്കഥാ രചനാ വൈഭവം കൊണ്ടും മലയാളിയുടെ മനസ്സിൽ കുടിയേറിയ ഒരു സിനിമയായിരുന്നു 1986 ലിറങ്ങിയ ‘നഖക്ഷതങ്ങൾ’. ഗൗരിയുടെയും രാമുവിന്റെയും നിഷ്ക്കളങ്കമായ പ്രണയവും അതുടലെടുത്ത പശ്ചാത്തലവുമൊക്കെ എത്ര മനോഹരമായിരുന്നു എന്നോർത്ത് നോക്കൂ. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു എത്തിയ രണ്ടു പേർ പ്രണയത്തിലാകാൻ നിയോഗിക്കപ്പെടുന്നത് ആരുടെ തീരുമാനം കൊണ്ടാകും എന്ന സാങ്കൽപ്പിക ചോദ്യത്തിനു കൂടി പ്രസക്തി നൽകി കൊണ്ടാണ് ‘നഖക്ഷതങ്ങ’ളുടെ ഓരോ രംഗവും പുരോഗമിക്കുന്നത്. ഇടക്ക് കയറി വരുന്ന ലക്ഷ്മിയുടെ കഥാപാത്രം അവരുടെ പ്രണയത്തിൽ തീർക്കുന്ന സങ്കീർണ്ണത ചെറുതല്ല. ഗുരുവായൂരും പ്രണയവും ഒക്കെ കേൾക്കുമ്പോൾ വർഷങ്ങൾക്കിപ്പുറം 2002 ൽ റിലീസായ രഞ്ജിത്തിന്റെ ‘നന്ദന’ ത്തെ കൂടി പരാമർശിക്കേണ്ടി വരുന്നു. ബാലാമണിയും മനുവും തമ്മിലുള്ള പ്രണയം നഖക്ഷതങ്ങളിൽ നിന്ന് കടം കൊണ്ടതാണെന്നു പറയുന്നില്ലെങ്കിലും ‘നഖക്ഷതങ്ങളി’ ൽ എം.ടി അപ്രത്യക്ഷനും നിസ്സഹായനുമായി നിലനിർത്തിയ ഗുരുവായൂരപ്പനെ / കൃഷ്ണനെ രഞ്ജിത്ത് ‘നന്ദന’ത്തിൽ അതിനു വിപരീതമായി ഉപയോഗിച്ച് കാണാം. പ്രണയത്തോടും നന്മയോടുമൊക്കെയുള്ള ദൈവത്തിന്റെ നിലപാടിനെ എം.ടി വിധിയുടെ പരിമിതികളിൽ പെടുത്തി സങ്കീർണ്ണമാക്കിയപ്പോൾ രഞ്ജിത്ത് അവിടെ കുറച്ചു കൂടി വിശാലമായി ചിന്തിച്ചു എന്ന് പറയാം. എഴുത്തിന്റെ സാങ്കല്പികതകളിൽ പോലും ദൈവ സഹായം ഒരു കഥാപാത്രത്തിന് നിഷേധിക്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിനുള്ള രണ്ടു ജനറേഷനിലെ രണ്ടു തിരക്കഥാകൃത്തുക്കളുടെ രണ്ടു നിലപാടുകൾ മാത്രമായി തൽക്കാലം നമുക്കതിനെ കാണാം.

1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ വന്ന ‘ഡെയ്‌സി’ സംഗീത സാന്ദ്രമായ ഒരു ക്യാമ്പസ് പ്രണയ സിനിമയായിരുന്നു. കോളേജ് വിദ്യാർത്ഥികൾ നെഞ്ചിലേറ്റിയ ആ സിനിമക്ക് ശേഷം നീണ്ട ഒൻപതു വർഷങ്ങൾക്ക് ശേഷം ഒരു ‘അനിയത്തിപ്രാവ്’ വേണ്ടി വന്നു ക്യാമ്പസുകൾക്ക് ഒരു പ്രണയസിനിമയെ കൊണ്ടാഘോഷിക്കാൻ. കൗമാര പ്രണയ സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമായി പ്രണയത്തെ ആവിഷ്ക്കരിച്ചു കണ്ട മലയാള സിനിമകളും ആ കാലത്തു ജനശ്രദ്ധ നേടിയിരുന്നു.

ബഷീറിന്റെ ‘മതിലുകളു’ടെ സിനിമാവിഷ്ക്കാരത്തിൽ ബഷീറിന്റെയും നാരായണിയുടെയും പ്രണയത്തെ മനോഹരമായി പടുത്തു വച്ചിരിക്കുന്നത് കാണാം. ജയിൽ മതിലുകൾക്കപ്പുറമിപ്പുറമുള്ള ബഷീറും നാരായണിയും പ്രണയബന്ധിതരാകുന്നതും ആ പ്രണയം പൂത്തു തളിർക്കുന്നതുമൊക്കെ രസകരമായി ചിത്രീകരിക്കുമ്പോഴും പ്രണയമാകുന്ന റോസാപ്പൂവിന്റെ മുള്ളു കൊണ്ടുണ്ടാകുന്ന മുറിവിന്റെ ആഴം വളരെ വലുതെന്ന മട്ടിൽ ചിലത് പറഞ്ഞവസാനിപ്പിക്കുന്നുണ്ട് ആ സിനിമ. നേരിട്ട് ഒരു വട്ടം പോലും കാണാത്ത നാരായണിയെ ബഷീർ പ്രേമിക്കുന്നത് ശബ്ദരേഖയിലൂടെയാണ്. ജയിലുകളും അതിനിടയിലെ മതിലുകളും ആ പ്രണയത്തിനു ഒരു തടസ്സമേ ആയിരുന്നില്ല. പക്ഷേ നാരായണിയുമായി നേരിട്ടുള്ള ഒരു കണ്ടുമുട്ടൽ നടക്കുന്നതിനും മുൻപേ അവിചാരിതമായി ബഷീർ ജയിൽ മോചിതനാകുകയാണ്. താങ്കൾ സ്വാതന്ത്രനായിരിക്കുന്നു എന്ന് പറയുന്ന ജയിലറോട് ബഷീർ തിരിച്ചു പറയുന്ന ചോദ്യത്തിലുണ്ട് എല്ലാം ; “who wants freedom ?? “.

ശരീര സൗന്ദര്യമോ ശുദ്ധിയോ അല്ല പ്രണയത്തിന്റെ യഥാർത്ഥ ദിവ്യത എന്ന് തന്റെ സിനിമകളിലൂടെ പലപ്പോഴും വെളിപ്പെടുത്താൻ ശ്രമിച്ചിട്ടുള്ള ഒരാളായിരുന്നു പത്മരാജൻ. ‘അരപ്പട്ട കെട്ടിയ ഗ്രാമത്തി’ലെ ഹിലാലും- ഗൗരിക്കുട്ടിയും തമ്മിലുള്ള പ്രണയം, ‘തൂവാനത്തുമ്പികളി’ ലെ ജയകൃഷ്ണൻ-ക്ലാര പ്രണയം ഇതൊക്കെ അതിന്റെ മകുടോദാഹരണങ്ങളാണ്. കൂട്ടത്തിൽ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ സോളമനും സോഫിയയും തമ്മിലുള്ള പ്രണയത്തെ എടുത്തു പറയേണ്ടതാണ്. ബൈബിളിലെ ഉത്തമഗീതത്തെ സിനിമയിൽ അവരുടെ പ്രണയസന്ദേശങ്ങളായി പങ്കിടുക വഴി തന്നെ അവരുടെ പ്രണയത്തെ ദൈവീകമാക്കി മാറ്റുന്നുണ്ട് അദ്ദേഹം. അതിന്റെ പൂർണ്ണ വായന സാധ്യമാകുന്നത് ക്ലൈമാക്സിലാണ്. രണ്ടാനച്ഛനാൽ നശിപ്പിക്കപ്പെട്ടിട്ടും സോഫിയയെ സ്വീകരിക്കാൻ തയ്യാറായി വരുന്ന സോളമൻ ഡയലോഗുകളിൽ കൂടിയല്ല തനിക്ക് സോഫിയയോടുണ്ടായിരുന്ന പ്രണയം എങ്ങിനെയുള്ളതായിരുന്നു എന്ന് വെളിപ്പെടുത്തുന്നത്. തൊണ്ണൂറുകളിൽ ഇടക്കെല്ലാം വീണു കിട്ടിയിരുന്ന ഇത്തരം ദിവ്യ പ്രണയ സിനിമകൾ പത്മരാജന്റെ ‘ഞാൻ ഗന്ധർവ്വ’ നോട് കൂടെ അവസാനിക്കുകയായിരുന്നു. മനുഷ്യരുമായുള്ള നിഷിദ്ധ പ്രണയത്തെ എത്ര മനോഹരമായി ആസ്വദിക്കുന്നുവോ അതിലേറെ വേദനകളോടെ അതിനുള്ള ശിക്ഷ അനുഭവിക്കാനും ബാധ്യസ്ഥരാണ് ഗന്ധർവ്വന്മാർ. തനിക്ക് കിട്ടിയ മുന്നറിയിപ്പുകളെയും ശാസനകളെയും മറി കടന്നു കൊണ്ട് മനുഷ്യ സ്ത്രീയെ പ്രണയിച്ച ഗന്ധർവ്വനും, തന്റെ കന്യാകത്വം നഷ്ടപ്പെടുത്തി കൊണ്ട് ഗന്ധർവ്വന് ശിക്ഷയിളവ് നേടിക്കൊടുക്കാൻ ഒരുങ്ങുന്ന ഭാമയും അനിവാര്യമായ വേർപാടിനെ ഒടുക്കം അംഗീകരിക്കുന്നുണ്ട്. പ്രണയത്തിന്റെ ഓർമ്മകളോളം വിലമതിക്കുന്ന ഒന്നുമില്ല ഈ ലോകത്ത് എന്ന ഭാമയുടെ ബോധ്യം ശരി വച്ച് കൊണ്ടാണ് വേദനാജനകമായ ഒരു വേർപാടിനെ പോലും പത്മരാജൻ സിനിമയിൽ മനോഹരമാക്കുന്നത്.