ആവേശമായി ലൂസിഫർ; കയ്യടി നേടി പൃഥ്വിരാജ്

0

ഒരു നല്ല നടൻ മാത്രമല്ല ഒരു നല്ല സംവിധായകൻ കൂടിയാണ് താനെന്ന് ലൂസിഫർ എന്ന കന്നിയങ്കത്തിലൂടെ തെളിയിച്ചിരിക്കയാണ് പൃഥ്വിരാജ്. മോഹൻലാലിന്റെ താരത്തിളക്കം കൊണ്ടുമാത്രമല്ല,​ പൃഥ്വിയുടെ സംവിധാന മികവുകൂടി ചേർന്നപ്പോഴാണ് ചിത്രം അതിന്റെ പൂർണതയിൽ എത്തിയത്. ഇരു കൈകളും നീട്ടിയാണ് ആരാധകർ ചിത്രത്തെ വരവേറ്റത്. മോഹൻലാൽ ഫാൻസിനും പൃഥ്വിരാജ് ഫാൻസിനും ആഘോഷിക്കാൻ‌ വേണ്ടതെല്ലാം ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്.

രണ്ടര വർഷത്തെ കാത്തിരിപ്പും പ്രയത്‌നവും വെറുതെയായില്ലെന്ന് ചിത്രം കണ്ടിറങ്ങുന്ന ഓരോരുത്തർക്കും മനസിലാവും പൃഥ്വി എന്ന സംവിധായകൻ എങ്ങനെയിരിക്കും എന്ന ചോദ്യത്തിന് നിറഞ്ഞ കൈയ്യടിയോടെ തീയേറ്ററിൽനിന്നും ഇറങ്ങുന്ന ജനക്കൂട്ടം തന്നെ മതി ഉത്തരമായിട്ട്.

ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലെർ സിനിമയാണെങ്കിലും സമകാലീന സമൂഹത്തിൽ കുടുംബബന്ധങ്ങളിൽ സംഭവിക്കുന്ന പ്രശ്നങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്.ഒരു പുതുമുഖ സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്തതെന്ന തോന്നൽ ആദ്യന്തം തോന്നാത്ത വിധമാണ് പൃഥ്വിരാജ് സിനിമയെ വാർത്തെടുത്തിരിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ലൂസിഫറിനെകുറിച്ച് സംസാരിക്കുന്ന വേളയിലെല്ലാം സംവിധായകന്‍ പൃഥ്വിരാജ് പറഞ്ഞത് താന്‍ തികഞ്ഞ മോഹന്‍ലാല്‍ ആരാധകനാണ് എന്നാണ്. ഈ കമെന്റിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ് ചിത്രത്തിൽ മോഹൻ ലാൽ നിറഞ്ഞാടുന്നത്. മോഹൻ ലാൽ എന്ന നടനിൽ നിന്നും ആരാധകർ എന്ത് കാണാൻ കൊതിച്ചുവോ അതതേപോലെ അളന്നു മുറിച്ച് ക്യാമറയുടെ മുന്നിലെത്തിക്കാൻ പൃഥ്വിക്ക് സാധിച്ചിട്ടുണ്ട്.

മംഗലശ്ശേരി നീലകണ്ഠൻ, വിന്‍‌സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, കണിമംഗലം കോലോത്തെ ജഗന്നാഥൻ, ഇന്ദുചൂഡൻ, പുലിമുരുകൻ എന്നീ ഇരട്ട ചങ്കുള്ള അവതാര പിറവിക്കൊപ്പം കൂട്ടി ചേർക്കാവുന്ന പേരാണ് സ്റ്റീഫൻ നെടുമ്പള്ളിയും.

പി കെ ആര്‍ എന്ന് വിളിക്കപ്പെടുന്ന പി കെ രാംദാസ് എന്ന രാഷ്‍ട്രീയ അതികായന്റെ മരണത്തോടെയാണ് സിനിമയുടെ തുടക്കം. രാംദാസിന്റെ പിന്തുടർച്ചാവകാശി ആരെന്നതാണ് പിന്നീടുളള ചോദ്യം. അത് നീളുന്നത് അഞ്ചുപേരിലേക്കും. മൂത്തമകൾ പ്രിയദർശിനി, മരുമകൻ ബോബി, ഇളയമകൻ ജതിൻ, രാംദാസിന്റെ വിശ്വസ്തനായ മഹേന്ദ്ര വർമ, പിന്നെ സ്റ്റീഫൻ നെടുമ്പള്ളി. പാർട്ടിയിലെ ഒറ്റയാനായ സ്റ്റീഫന് പിന്തുണയായുളളത് ജനങ്ങളാണ്.

മോഹൻ ലാലിൻറെ എല്ലാ മാനറിസങ്ങളും അതുപോലൊപ്പിയെടുക്കാൻ ചിത്രത്തിന് കഴിഞ്ഞു. മാസ്സ് സീനുകൾ ഉണ്ടെങ്കിലും നെടുനീളൻ ഡയലോഗുകളില്ലാതെ കാച്ചിക്കുറുക്കിയ ഡയലോഗുകളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.ആക്ഷൻ രംഗങ്ങളിലെ തകര്‍പ്പൻ പ്രകടനങ്ങളിലൂടെ മോഹൻലാല്‍ വീണ്ടും വിസ്‍മയിപ്പിക്കുന്നു. സിനിമയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസ് പ്രകടനങ്ങള്‍ക്കു പകരം കഥാഗതിയോട് ചേര്‍ന്നുനിറഞ്ഞുനില്‍ക്കുന്ന രീതിയിലാണ് സ്റ്റീഫൻ നെടുമ്പളളിയായുള്ള മോഹൻലാലിന്റെ വേഷം.

പ്രതിനായക വേഷത്തിൽ മലയാള സിനിമയിൽ അരങ്ങേറിയ വിവേക് ഒബ്റോയി ബിമൽ നായർ എന്ന ബോബിയായി മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലക്ഷണമൊത്ത വില്ലനായി വിവേക് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. കഥയിൽ മുഴുനീളമുള്ള കഥാപാത്രങ്ങളൊക്കെയും ശക്തരാണ്. കേരളം രാഷ്ട്രീയത്തിലെ ചാണക്യനായി സായി കുമാറും. വൈകാരികമായ ഒട്ടനവധി അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന രാംദാസിന്റെ മകൾ പ്രിയദർശിനി രാംദാസും(മഞ്ജു വാര്യർ) കയ്യടികൾ നേടി. രാംദാസിന്റെ ഇളയ പുത്രനായി ജതിൻ ആയി വന്ന യുവനടൻ ടൊവിനോ തോമസും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.

നായികയായ മഞ്ജു വാര്യർക്ക് പ്രിയദർശിനി എന്ന പേരുകൊണ്ട് മാത്രമെ പിടിച്ചുനിൽക്കാനാകുന്നുള്ളൂ. അത്രയ്ക്ക് അഭിനയ സാദ്ധ്യതയുള്ള വേഷമാണ് മഞ്ജുവിന്റേതെന്ന് കരുതാനാവില്ല. ഗോവർദ്ധന്റെ വേഷത്തിലെത്തുന്ന ഇന്ദ്രജിത്ത് ചെറുതെങ്കിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബൈജു,​ കലാഭവൻ ഷാജോൺ,​ ശിവജി ഗുരുവായൂർ,​ ആദിൽ ഇബ്രാഹിം,​ നന്ദു,​ ഫാസിൽ,​ നൈല ഉഷ,​ സാനിയ ഇയ്യപ്പൻ,​ ഷോൺ റോമി എന്നിവരടങ്ങിയ വൻതാരനിര തന്നെ സിനിമയിലുണ്ട്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി പൃഥ്വിയുടെ സയ്ദ് മസൂദ് കൂടി എത്തുന്നതോടെ ആരാധകരെ ആവേശ തിരയിലാഴ്ത്തുന്നു.

കേരളത്തിലെ മലയോര ഗ്രാമങ്ങളുടെ സൗന്ദര്യം തൊട്ടുണർത്തുന്ന ഫ്രെമുകളാണ് ചിത്രത്തിലുടനീളമുള്ളത്. റഷ്യയിലെ മഞ്ഞുവീഴ്ന്ന കാഴ്ച്ചകള്‍ വരെ ലൂസിഫറിനുവേണ്ടി പകര്‍ത്തിയിട്ടുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറയും അതിനൊത്ത ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെമാസ് മൂഡ് ഒന്നുകൂടെ മുറുക്കി എന്നുവേണമെങ്കിൽ പറയാം.

രാഷ്ട്രീയം പശ്ചാത്തലമാക്കി മയക്കുമരുന്ന് മാഫിയ, കളളപ്പണം, നേതാക്കന്മാരുടെ വഴിവിട്ട ബന്ധം ഇനീ വിഷയങ്ങൾ ഉള്കൊള്ളിച്ചുകൊണ്ട് സിനിമയെ ഒരു കൊമേർഷ്യൽ രീതിയിലേക്ക് മാറ്റാൻ തിരക്കഥാകൃത്തായ മുരളീ ഗോപി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ആദ്യം മുതൽ അവസാനം വരെ ഒരു ഇരുത്തം വന്ന സംവിധായകന്റെ എല്ലാ കാലാ മികവും കാണിച്ച ചിത്രമാണ് ലൂസിഫർ. സിനിമയിറങ്ങുന്നിതിനു മുമ്പ് പൃഥ്വിരാജ് പറഞ്ഞതൊന്നും വെറുതയല്ലെന്ന് ലൂസിഫര്‍ വ്യക്തമാക്കുന്നു. വേണ്ടത്ര ഗൃഹപാഠം ചെയ്‍താണ് ഓരോ ഷോട്ടോകളും ആംഗിളുകളും പൃഥ്വിരാജ് സ്വീകരിച്ചതെന്ന് അടിവരയിടുന്നതാണ് മിക്ക രംഗങ്ങളും. എന്നിരുന്നാലും കഥയിൽ പുതുമ കൊണ്ടുവരാൻ സംവിധായകനോ തിരക്കഥാകൃത്തോ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്‌മയാണ്.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ചിത്രം മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വകയാണ് നൽകുന്നത്. ആരാധകർ കാത്തിരുന്ന മോഹൻ ലാൽ എന്ന നടന വൈഭവത്തിന്റെ എല്ലാമനറിസങ്ങളും ചിത്രത്തിലുടനീളമുണ്ട്. അതുകൊണ്ടുതന്നെ ഇരട്ട ചങ്കുള്ള ലാലേട്ടന്റെ കഥാപാത്രങ്ങൾക്കൊപ്പം എന്നും കൂട്ടി ചേർത്ത് വായിക്കാവുന്ന പേരാണ് സ്റ്റീഫൻ നെടുമ്പള്ളി.