ഇനി സഭയ്ക്ക് പുതിയ നാഥൻ: എംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ

0

തിരുവനന്തപുരം ∙ 15–ാം നിയമസഭയുടെ സ്പീക്കറായി തൃത്താലയിൽനിന്നുള്ള സിപിഎം അംഗം എം.ബി. രാജേഷിനെ (50) തിരഞ്ഞെടുത്തു. 96 വോട്ടുകള്‍ എം ബി രാജേഷിന് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ആകെ 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

അറിവും അനുഭവവും സമന്വയിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് എം.ബി. രാജേഷ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഭയ്ക്ക് അഭിമാനകരമായ കാര്യമാണിതെന്നും എം.ബി. രാജേഷിനെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃത്താലയില്‍നിന്നുള്ള എം.എല്‍.എയാണ് രാജേഷ്. കേരള നിയമസഭയിൽ കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കർ പദവിയിലെത്തുകയാണ് എം.ബി. രാജേഷ്. 10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും കേരള നിയമസഭയിൽ പുതുമുഖമാണ്. നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാകുന്നത് ആദ്യമാണ്.

സ്പീക്കര്‍ തിരഞ്ഞെടുപ്പിനുശേഷം പിരിയുന്ന സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനായി 28-ന് ചേരും. കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കർ സ്ഥാനമൊഴിഞ്ഞു.