എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രീം കോടതിയില്‍

0

ന്യൂഡൽഹി: സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കറിന് ജാമ്യം നൽകിയത് അന്വേഷണത്തെ ബാധിക്കും എന്നാണ് ഇഡിയുടെ വാദം. കസ്റ്റംസും ഇഡിയും റജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ശിവശങ്കർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം എസ് ബി ഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയും ആയി ബന്ധപ്പെട്ട കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ ആണ്. ശിവശങ്കരൻ ജാമ്യത്തിൽ കഴിയുന്നത് ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി വയ്ക്കും. ഇത് വരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.