പേരിലെ പുതുമയാല്‍ ഇതിനോടകം ശ്രദ്ധേയമായ ‘മചുക’ (മഞ്ഞ, ചുവപ്പ്, കറുപ്പ്) ജൂണ്‍ 9 ന് കേരളമൊട്ടാകെ പ്രദര്‍ശനത്തിനെത്തുന്നു. മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സിംഗപ്പൂര്‍ വ്യവസായിയായ രാജേഷ് കുളിര്‍മ്മയാണ്.

ഓരോ പുരുഷന്‍റെയും സ്ത്രീയുടെയും ഉള്ളില്‍ ഒരിക്കലും ഇണപിരിയാനാകാത്ത ഒരു മിത്രവും ഒരു ശത്രുവുമുണ്ടാകും. സ്ത്രീ-പുരുഷബന്ധങ്ങള്‍ക്കിടയിലെ ഇത്തരം സങ്കീര്‍ണ്ണതകളാണ് ‘മചുക’ എന്ന ചിത്രം പ്രമേയമാക്കുന്നത്. അവിചാരിതമായി പരിചയപ്പെടുന്ന ഒരു യുവാവിന്‍റെയും പെണ്‍കുട്ടിയുടേയും ജീവിതത്തിലുണ്ടാകുന്ന സൗഹൃദവും പ്രണയവും പ്രതികാരവുമാണ് ചിത്രത്തില്‍ വിഷയമാകുന്നത്. നിവേദിത ഹരന്‍ ഒരു ജേര്‍ണലിസ്റ്റാണ്. റിട്ട.എസ്.പി.അലക്‌സാണ്ടര്‍ കോശിയെ ഇന്റര്‍വ്യൂ ചെയ്യാനാണ് മൂന്നാറിലെ അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയിലേക്ക് നിവേദിത എത്തുന്നത്. എന്നാല്‍ അവിടെ വെച്ച് എസ്.പി.യുടെ സുഹൃത്തും മദ്രാസ് ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.അറിവഴകനെ നിവേദിത പരിചയപ്പെടുന്നു. അയാളുമായി വളരെ പെട്ടെന്ന് നിവേദിത സൗഹൃദത്തിലാകുന്നു. നിവേദിത, എസ്.പി.യെ സംബന്ധിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിവഴകനില്‍ നിന്നും മനസ്സിലാക്കുന്നു. അതിലേക്ക് അന്വേഷിച്ചിറങ്ങുന്ന നിവേദിത അപ്രിയമായ പല സത്യങ്ങളും തിരിച്ചറിയുന്നു. അത് അവളുടെ ജീവനുതന്നെ അപകടമാകുമ്പോള്‍, അവിടെ നിന്നും രക്ഷപ്പെടാന്‍ അവള്‍ നടത്തുന്ന നീക്കങ്ങളും അതിനിടയില്‍ അവള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് മചുകയിലൂടെ അവതരിപ്പിക്കുന്നത്. കൊടൈക്കനാലിന്‍റെ മഞ്ഞണിഞ്ഞ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നിവേദിത ഹരനായി ജനനി അയ്യരും, അറിവഴകനായി ഇന്ത്യന്‍ സിനിമയിലെ അഭിനയപ്രതിഭയായ പശുപതിയും അഭിനയിക്കുന്നു.

‘മചുക’ എന്ന പേരിനുപിന്നില്‍ : വളരെ വ്യത്യസ്തമായ പ്രമേയവും പശ്ചാത്തലവും സമന്വയിക്കുന്ന ചിത്രത്തിന് എന്തുകൊണ്ടും യോജിക്കുന്ന പേരാണ് ‘മചുക’. മചുക എന്നത് ഒരു ബ്രസീലിയന്‍ വാക്കാണ്. ‘ആഴത്തിലുള്ള വേദന’ എന്നാണ് അതിനര്‍ത്ഥം. മചുക എന്നത് മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നതിന്‍റെ ചുരുക്കെഴുത്തുകൂടിയാണ്. മഞ്ഞ പ്രണയത്തിന്‍റെയും ചുവപ്പ് പ്രതികാരത്തിന്‍റെയും കറുപ്പ് മരണത്തിന്‍റെയും നിറങ്ങളാണ്. അതേസമയം മഞ്ഞ പകല്‍, ചുവപ്പ് സന്ധ്യ, കറുപ്പ് രാത്രി എന്നിങ്ങനെയും അടയാളപ്പെടുത്താം. പകല്‍ തുടങ്ങി സന്ധ്യയിലൂടെ രാത്രിയില്‍ അവസാനിക്കുന്ന പന്ത്രണ്ട് മണിക്കൂറില്‍ സംഭവിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.

രചന, സംവിധാനം-ജയന്‍ വന്നേരി, ബാനര്‍-മാണിക്കോത്ത് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലി., നിര്‍മ്മാണം-രാജേഷ് കുളിര്‍മ്മ (സിംഗപ്പൂര്‍), എക്‌സി:പ്രൊഡ്യൂസര്‍- രാജീവ് കുളിര്‍മ്മ, പ്രജില്‍ മാണിക്കോത്ത്.
രാജീവ്.കെ., പ്രജില്‍, ഛായാഗ്രഹണം-ജോമോന്‍ തോമസ്, സംഗീതം, പശ്ചാത്തല സംഗീതം-ഗോപീസുന്ദര്‍, ഗാനരചന-ഹരിനാരായണന്‍.ബി.കെ., ആലാപനം-ഗോപീസുന്ദര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, പ്രൊ: കണ്‍ട്രോളര്‍-റാം മനോഹര്‍.എസ്. (റാംസ്), കല-പ്രതാപ്-രവീന്ദ്രന്‍, ചമയം-ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്, പ്രൊ:എക്‌സി.-പൗലോസ് കുറുമാറ്റം, ചീഫ് അസ്സോ: ഡയറക്ടര്‍-നിധിന്‍ മൈക്കിള്‍, അസ്സോ:ഡയറക്ടര്‍-റഫീഖ് ഇബ്രാഹിം, സംവിധാന സഹായികള്‍-അരവിന്ദ് ആര്‍.കൃഷ്ണന്‍, രജീഷ് കാട്ടാക്കട, ശബ്ദമിശ്രണം-ജിജു മോന്‍.ടി.ബ്രൂസ്, ഡി.ഐ.കളറിസ്റ്റ്-ലിജു പ്രഭാകരന്‍, വിഷ്വല്‍ എഫക്ട്‌സ് സൂപ്പര്‍വൈസര്‍-അരുണ്‍ലാല്‍ വാസു, ഓഡിയോ, വീഡിയോ റൈറ്റ്‌സ്-എം.സി.ഓഡിയോസ്, ഡിസൈന്‍സ്-ജുബിന്‍ പി.മാര്‍ക്‌സ്, സ്റ്റില്‍സ്-ഷാലു പേയാട്, റഫീഖ് പട്ടേരി, വിതരണം-മാണിക്കോത്ത് പ്രൊഡക്ഷന്‍സ്.