ആദിവാസി, ബംഗാളി, ട്രാൻസ്ജെൻഡർ; ഇനിയും പ്രബുദ്ധകേരളം ഇവിടെ പാവങ്ങളെ തല്ലികൊല്ലും

0

എന്തിനാണ് നമ്മള്‍ നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്നത് ? എങ്ങനെയാണ് നമ്മള്‍ പ്രബുദ്ധകേരളം എന്ന് അവകാശപ്പെടുന്നത് ? വിശന്നു വലഞ്ഞ ഒരുവന്റെ നോവറിയാന്‍ കഴിയില്ലെങ്കില്‍ അവന്റെ നിസ്സഹായതയ്ക്ക്‌ മുന്നില്‍ നിന്നും ഇളിച്ച പല്ലുമായി സെല്‍ഫി എടുക്കാന്‍ മാത്രം ക്രൂരരായി പോയി നമ്മളെങ്കില്‍ ഇനി അങ്ങനെ പറയാന്‍ നമ്മുക്ക് അര്‍ഹതയില്ല, സാക്ഷരകേരളമെന്ന്.

മധു എന്ന ആ ചെറുപ്പക്കാരന്‍, അയാളുടെ നനഞ്ഞമിഴികളിലേക്കു ഒന്ന് കൂടി നോക്കാന്‍ സാധിക്കുന്നില്ല. ആള്‍കൂട്ടം വിചാരണ നടത്തി പൊതിരെ തല്ലുമ്പോഴും ആ മനുഷ്യന്‍ ശ്രമിക്കുന്നുണ്ട് തന്റെ അവസ്ഥ പറഞ്ഞു മനസ്സിലാക്കാന്‍. അത് സാധിക്കുന്നില്ല എന്ന് കാണുമ്പോള്‍ വരണ്ട ഒരു ചിരിയാണ് പിന്നെ ആ മുഖത്തു വിടരുന്നത്.

ആ മനുഷ്യന്റെ മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും നിങ്ങള്‍ കണ്ടിരുന്നോ ? വേറെ ഒന്നുണ്ടാവില്ല ആ പാവത്തിന് മാറ്റി ഒടുക്കാന്‍ പോലും. അട്ടപ്പാടി എന്ന ഊരിലെ ഓരോ ആദിവാസിയുടെയും മുഖമാണ് മധുവിന്. നമ്മള്‍ കട്ട് തിന്ന അവന്റെ വനവിഭവങ്ങളുടെ ഒരു കണക്കും അവന്‍ നമ്മോടു പറയുന്നില്ല. പക്ഷെ ഒരിത്തിരി അരിയും കൂട്ടി കഴിക്കാന്‍ ഒരല്‍പം മുളക്പൊടിയും ഗതിയില്ലാതെ കട്ടെടുത്ത ആ മനുഷ്യനെ നമ്മള്‍ കൊന്നു. അതെ നമ്മള്‍ എല്ലാവര്ക്കും അതിനു ഉത്തരവാദികള്‍ തന്നെ.

എന്ത് കൊണ്ടാണ് ആദിവാസിയും, ബംഗാളിയെയും ഭിന്നലിംഗക്കാരെയും കണ്ടാല്‍ നമ്മള്‍ക്ക് ഹാലിളകുന്നത്. അവര്‍ എന്താണ് നമ്മളോട് ചെയ്ത് തെറ്റ്? അവര്‍ ആദിവാസിയും ബംഗാളിയും ഭിന്നലിംഗക്കാരും ആയതു അവരുടെ കുറ്റമാണോ? നമ്മള്‍ ഇങ്ങനെയായത് നമ്മുടെ മിടുക്കാണോ ? സ്വയം ചിന്തിച്ചു നോക്കൂ.

വിശപ്പിനോളം മറ്റൊരു വികാരവും ഈ ഭൂമിയില്ലില്ല. വിശന്നിരുന്നാല്‍ , ഒരുവററ് ചോറുണ്ണാന്‍ സാധിക്കാതെ വരുമ്പോഴാണ് ചിലപ്പോള്‍ നമ്മള്‍ കള്ളന്മാരാകുന്നത്. കോടികള്‍ കടമെടുത്തു മുങ്ങിയവരെയും ജനങ്ങളുടെ ഖജനാവില്‍ കൈയിട്ടു വാരുന്നവരെയും നമ്മള്‍ വാഴ്ത്തും. അവര്‍ എല്ലാം മാന്യന്മാര്‍. പക്ഷെ വിശന്നു വലഞ്ഞ ഒരു സാധുവിനെ നമ്മള്‍ കള്ളനാക്കി. പോലിസ് ജീപ്പില്‍ കുഴഞ്ഞു വീണു മരിച്ച ആ മനുഷ്യന്‍ നമ്മളോട് ചോദിക്കുന്ന ഒരായിരം ചോദ്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും ഉറക്കെ മുഴങ്ങി കേള്‍ക്കുന്നത് ഇതായിരിക്കും’ എന്റെ കാടു നീ മോഷ്ടിച്ചത് കൊണ്ടല്ലേ മനുഷ്യാ ഞാന്‍ നിന്റെ നാട്ടിലേക്ക് വന്നു പോയത്’ .

മധു ഒരു പാര്‍ട്ടിയുടെയും ആളല്ല. അവനു വേണ്ടി ഇന്ന് സോഷ്യല്‍ മീഡിയ വാളെടുക്കും. നാളെ മറ്റൊരു വാര്‍ത്തയ്ക്കു പിന്നാലെ അവര്‍ പോകും. കേസുകള്‍ മാഞ്ഞു പോകും. എങ്കിലും കൊല്ലപ്പെടുന്നതിനു മുന്‍പ് ആ മനുഷ്യനെ  കോമാളിയാക്കി സെൽഫി എടുത്ത്‌ ആനന്ദിക്കുന്ന മലയാളി എന്നും ഒരു തീരാകളങ്കമാണ്. മായ്ച്ചാലും ആ കറ പോകില്ല. മാപ്പ് സഹോദരാ ,മാപ്പ്..