“ചേതോവികാരമേ നിറയൂ വീണ്ടുമെൻ”

0

തനിച്ചിരുന്ന് കേൾക്കുമ്പോൾ ചില പാട്ടുകൾ നമുക്കു വേണ്ടി മാത്രമുണ്ടാക്കിയതാണെന്ന് തോന്നാറുണ്ട്.അത്രമേൽ കാഠിന്യമാർന്ന ഉള്ളുരുക്കങ്ങളിലും നൊമ്പരങ്ങളിലും,ജീവിക്കാൻ പിന്നെയും പിന്നെയും പ്രേരിപ്പിക്കുന്ന ഒരു മനോഹരഗാനം.

🎶🎶മധുരം ജീവാമൃതബിന്ദു🎶🎶

ചെങ്കോലിലെ ഈ ഗാനത്തിൽ പൊള്ളുന്ന ജീവന്റെ ആഴമുണ്ട്..ഗതകാലസ്മൃതികളുടെ വേരോട്ടമുണ്ട്..നായകൻ പിന്നിട്ടുവന്ന കനൽപ്പാതകളുടെ ചൂടുണ്ട്..തിരസ്‌ക്കരണങ്ങളുടെ ഉണങ്ങിവരണ്ടകാലത്ത് തന്റെ ജീവിതത്തെ നോക്കി തിരിച്ചറിവിന് പാത്രപ്പെടുന്നുണ്ട് ഈ ഗാനരംഗത്തിൽ സേതുമാധവൻ എന്ന പച്ചമനുഷ്യൻ.നാളെയുടെ കിനാവും വൈകാരികതയും അത്രമേൽ പിണഞ്ഞു നിൽക്കുന്ന ജോൺസൺ മാഷുടെ ഈണവും കൂട്ടിന് കൈതപ്രത്തിന്റെ അസാമാന്യ വരികളും.

നായകന്റെ സന്തോഷങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ശ്രദ്ധ പതിപ്പിച്ചിരുന്ന പ്രേക്ഷകലോകത്തിന്,അവരിലൊരാളായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുമാറ് വളരെയെളുപ്പത്തില്‍ സേതുവിനെ പരുവപ്പെടുത്താൻ കഴിഞ്ഞുവെന്നതാണ് ഈ ഗാനരംഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.വേദനയും തിരസ്‌ക്കരണവും നിറഞ്ഞ സേതുമാധവന്റെ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളെ അടയാളപ്പെടുത്തിക്കൊണ്ട് ഇന്നും ആരാലും അറിയപ്പെടാതെ എവിടെയോ ജീവിക്കുന്ന കൊല്ലം ശിവൻ എന്ന വ്യക്തി(ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന താടി വച്ച ആൾ)ഉള്ളിലെ സങ്കടം മുഴുവൻ പാടി അഭിനയിക്കുമ്പോള്‍ അത് പ്രേക്ഷകര്‍ക്കും വലിയ വേദനയായി പരിണമിക്കുന്നുണ്ട്.തീക്ഷ്ണമായ പൊള്ളലില്‍ നിന്ന് വല്ലാത്തൊരു ഭാവുകത്വത്തിലേക്ക് ഈ ഗാനത്തിനൊപ്പം നമ്മളും പതിയെ രൂപാന്തരപ്പെടുന്നുണ്ട്..ആശിച്ചുമോഹിച്ച് കാത്തിരുന്നിട്ടും അപ്രതീക്ഷിതമായ വിധിയുടെ വിളയാട്ടത്തില്‍ പലതും നഷ്ടമായ ഏതൊരാളെയും എക്കാലവും വേട്ടയാടുന്നതാണ് ഈ ഗാനത്തിലെ വരികളെല്ലാം തന്നെയും

🎶🎶സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
താന്തമാണെങ്കിലും…ആ…ആ…ആ
താന്തമാണെങ്കിലും പാതിരാക്കാറ്റിലും വാടാതെ നിൽക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ🎶🎶

ചുരുക്കം ചില സിനിമാഗാനങ്ങൾ മാത്രം,ചലച്ചിത്രഗാനമെന്ന നിലക്ക് കേട്ടുപോകാനുള്ളതല്ല,മറിച്ച് ആവർത്തിച്ചു കേട്ട് അവ അനുഭവിപ്പിക്കേണ്ടവ തന്നെയാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്താറുണ്ട്.അത്തരം ഗാനങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്ത വച്ചിരിക്കുന്ന ഒന്നാണ് ഈ ഗാനവും♥️♥️

🎶🎶ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാര ബിന്ദു ചൂടുവാൻ
ശാന്തമാണെങ്കിലും…ആ…ആ…ആ
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ🎶🎶

ആത്മാനുതാപവും തപ്തനിശ്വാസങ്ങളും വ്യഥിതമാനസവും ചേര്‍ന്ന് ഇരുപത്തിയേഴ്‌ വർഷത്തിനിപ്പുറവും നമ്മുടെ ഉള്ളുലയ്ക്കാന്‍ ത്രാണിയുള്ള ഒരു ഗാനം..അത്രമേൽ വേട്ടയാടുന്ന(പ്രിയപ്പെട്ട)ഒന്ന്♥️♥️