മേഘാലയയിലേക്ക് സ്ഥലം മാറ്റം: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനി രാജിവെച്ചു

0

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനി രാജിവെച്ചു. മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജി. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കൊളീജിയം തള്ളി‍യിരുന്നു.ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി വിജയ രാജിസമര്‍പ്പിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും വിജയ അയച്ചതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
75 ജഡ്ജിമാരുള്ള രാജ്യത്തെ ഏറ്റവും പഴക്കമുള്ള മദ്രാസ് ഹൈക്കോടതിയില്‍ നിന്നാണ് രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളില്‍ ഒന്നായ മേഘാലയയിലേക്ക് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണിയെ സ്ഥലംമാറ്റിയത്.

മൂന്ന് ജഡ്‍ജിമാര്‍ മാത്രമാണ് മേഘാലയ ഹൈക്കോടതിയിലുള്ളത്. മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നിയമിക്കുകയും ചെയ്തു. കൊളിജിയത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് താഹില്‍രമണി നിവേദനം നല്‍കിയെങ്കിലും തള്ളുകയായിരുന്നു. മുംബൈ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപക്കാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ വിധി പറഞ്ഞത് താഹില്‍രമണിയാണ്.

ഏഴ് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്ക്കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതി വിധി. പ്രതികാര നടപടിയെന്ന് ചൂണ്ടികാട്ടി മദ്രാസ് ഹൈക്കോടതി അഭിഭാഷക സംഘടനയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും സീനിയര്‍ ജഡ്ജിമാരിലൊരാളാണ് വിജയ താഹില്‍രമണി. നിലവില്‍ രാജ്യത്തെ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളും കൂടിയാണ്.2018 ഓഗസ്റ്റ് എട്ടിനാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിജയ നിയമിതയായത്. 2019 ഓഗസ്റ്റ് 28ന് വിജയയെ മേഘാലയയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള കൊളീജിയം ശുപാര്‍ശ പുറത്തെത്തി.