‘മഹാനടി’ ഒരു കാലത്തിന്റെ അടയാളപ്പെടുത്തല്‍

0

കാലം അടയാളപ്പെടുത്തിയ ഒരു ജീവിതം, അതായിരുന്നു മഹാനടി സാവിത്രിയുടേത്. തെന്നിന്ത്യയിലെ നായികമാരിൽ ആദ്യത്തെ സൂപ്പർതാരപദവിയിലെത്തിയ സാവിത്രിയുടെ ജീവിതമാണ് ഇതൾവിരിയുന്നത്. അമ്പതുകളിലും അറുപതുകളിലും സിനിമയിൽ തിളങ്ങിനിന്നിരുന്ന വിജയനായിക. സംവിധായിക എന്ന നിലയിലും കഴിവുതെളിയിച്ച പ്രതിഭ. സിനിമാചരിത്രത്തിൽ അടയാളപ്പെടുത്തിയ സാവിത്രിയുടെ അറിഞ്ഞതും അറിയാത്തതുമായ ജീവിതം , അതാണ്‌ ഈ മഹാനടി.

ഈ ബയോപിക്കിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് പ്രശസ്ത നടി കീർത്തി സുരേഷും മലയാളത്തിന്റെ യുവ താരം ദുൽക്കർ സൽമാനും ആണ്. ദുൽകർ സൽമാന്റെ ആദ്യ തെലുങ്കു ചിത്രമാണ് ഇത്. ഇതിലും നല്ലൊരു തുടക്കം ഇനി ദുല്‍ക്കറിന് ലഭിക്കുമോ എന്ന് തന്നെ സംശയം .

ദുല്‍ഖര്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അശ്വിൻ നാഗ് സംവിധാനം ചെയ്ത് വൈജയന്തി മൂവിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ സാമന്ത അക്കിനേനി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഒരിക്കല്‍ ജീവിതത്തിനു മുന്നിൽ പകച്ചുനിന്ന സാവിത്രി എന്ന  പെൺകുട്ടി സൂപ്പർതാരനായികയാവുന്നതും, എല്ലാം തകർന്നടിഞ്ഞ് ആരാലും തിരിച്ചറിയപ്പെടാതെ പിന്നെ ആശുപത്രിവരാന്തയിൽ കിടക്കുന്ന അവസ്ഥയിലെത്തിയതും എങ്ങനെയെന്നു ചിത്രം കാണിച്ചു തരുന്നുണ്ട്. ഈ ജീവിതത്തിലേക്കാണ് നാഗ് അശ്വിൻ ക്യാമറയുമായി കടന്നുചെല്ലുന്നത്.

സാവിത്രി ദക്ഷിണേന്ത്യയില്‍ നിന്ന് ‘ലേഡി സൂപ്പര്‍സ്റ്റാര്‍ ‘ പദവി ലഭിച്ച ആദ്യ നടി ആണ്. മഹാനടി സാവിത്രി എന്നും നടികര്‍ തിലകം എന്നും വിളിപ്പേരുള്ള അവരുടെ ഡേറ്റിനു വേണ്ടി അന്നത്തെ മറ്റു സൂപ്പര്‍ താരങ്ങള്‍ കാത്തിരിക്കുമായിരുന്നു. 12 വയസില്‍ സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങിയ സാവിത്രി കഷ്ടിച്ച് 16 വയസുള്ളപ്പോള്‍ നായിക ആയി. ആദ്യ ഘട്ടത്തിലെ പരാജയങ്ങള്‍ക്കു ശേഷം ദക്ഷിണേന്ത്യ ഏറ്റവുമധികം ശ്രദ്ധിക്കുന്ന നായിക ആയി അവര്‍ മാറി. മായാ ബസാര്‍, മംഗല്യ ബലം, തൊടി കൊഡലു, മൂക മനസല്, ഡോക്ടര്‍ ചക്രവര്‍ത്തി, ദേവദാസു എന്നീ തെലുങ്ക് സിനിമകളും കളത്തൂര്‍ കണ്ണമ്മ, പാശമലര്‍, കര്‍ണന്‍, കര്‍പ്പകം, പാര്‍ത്താല്‍ പേശി തീരും തുടങ്ങി നിരവധി സിനിമകളും സാവിത്രിയുടെ താരമൂല്യത്തിലും അഭിനയ മികവിനാലും കൂടി ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു. രാഷ്ട്രപതിയുടെ അവാര്‍ഡും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഒരു ഭാര്യയും മറ്റൊരു പ്രണയിനിയും ഉണ്ടെന്നറിഞ്ഞു കൊണ്ടുള്ള ജമിനി ഗണേശനുമായുള്ള അവരുടെ പ്രണയവും വിവാഹവും പിന്നീടുണ്ടായ പ്രണയ തകര്‍ച്ചയും ഒക്കെ മാധ്യമങ്ങള്‍ കൊണ്ടാടിയ വാര്‍ത്തകള്‍ ആയിരുന്നു.

ഭർത്താവിന്റെ ഫ്രസ്ട്രേഷനും വിചിത്ര സ്വഭാവങ്ങളും കണ്ട് മദ്യപാനത്തിന് അടിമയായ, നിർമ്മിക്കപ്പെട്ട പടങ്ങളുടെ പരാജയങ്ങൾ കാരണം സാമ്പത്തികമായി തകർന്നു പോയ/ഒന്നരക്കൊല്ലത്തിലധികം കോമാസ്റ്റേജിൽ കിടന്നശേഷം നാൽപ്പത്തഞ്ചാം വയസിൽ അന്തരിച്ച സാവിത്രി എന്ന പ്രതിഭയുടെ അനന്യസാധാരണമായ ജീവിതമാണ് നാഗ് അശ്വിന്റെ മഹാനടി എന്ന ബയോപിക്ക്. ആദ്യ കാലം തൊട്ടു ഉണ്ടായിരുന്ന അമിത ദാനശീലവും ആഢംബരത്തോടുള്ള അമിതമായ മമതയും ഇന്‍കം ടാക്‌സ് വകുപ്പ് അവരുടെ സ്വത്തുക്കള്‍ മുഴുവനും കണ്ടു കെട്ടുന്നതിലേക്ക് എത്തിച്ചിരുന്നു. ശിവാജി ഗണേശന്‍ അടക്കമുള്ളവര്‍ അവരോടൊപ്പം അഭിനയിക്കാന്‍ അവരുടെ ഡേറ്റ് കാത്തു നിന്നിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കണം സാവിത്രിയുടെ താരമൂല്യം.

സാവിത്രിയുടെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉൾക്കൊണ്ടു സൃഷ്‌ടിച്ച കഥാ സന്ദർഭങ്ങളും ആഴവും തീവ്രതയുമുള്ള വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് മികച്ചു നിന്ന തിരക്കഥയും ഈ ചിത്രത്തിന്റെ നട്ടെല്ലായി മാറി . അതുപോലെ തന്നെ ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിപ്പിക്കാതെ നടത്തിയ കഥയുടെ അവതരണവും , കഥയും കഥാപാത്രങ്ങളും ഏറ്റവും വിശ്വസനീയമായി തന്നെ പ്രേക്ഷകരുടെ മനസ്സിലെത്തിച്ച റിയലിസ്റ്റിക് ആയ കഥ പറച്ചിലും ഈ ചിത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് .  ജെമിനി ഗണേശന്റെ ജീവിതസഖിയായി, ആ ബന്ധവും തകർന്ന് സാമ്പത്തികമായും ശാരീരികമായും തകർന്നടിയുന്ന ഒരു സെലിബ്രിറ്റി ജീവിതത്തെ അനായാസം അവതരിപ്പിച്ച് കീർത്തി , നടിയെന്ന നിലയിൽ വിസ്മയിപ്പിക്കുന്ന വളർച്ചയാണ്  നേടിയിട്ടുള്ളതെന്നു ഈ ചിത്രത്തിലെ പ്രകടനം തെളിയിച്ചു തരുന്നു.  സാവിത്രി എന്ന ഇതിഹാസ നായികയുടെ ജീവിതത്തോട് പൂർണ്ണമായും നീതി പുലർത്താനും ഈ ബയോപിക്കിനു കഴിഞ്ഞിട്ടുണ്ട് എന്ന് പറയാം.