മഹാരാഷ്ട്ര സര്‍ക്കാരും സമ്മതം അറിയിച്ചു; കൊങ്കണ്‍ റെയിവേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ യാഥാര്‍ഥ്യമാവുന്നു

0

കൊങ്കണ്‍ റെയിവേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ യാഥാര്‍ഥ്യമാവുന്നു. മഹാരാഷ്ട്രാ സര്‍ക്കാരും സമ്മതം അറിയിച്ചതോടെയാണ് ലയനം വേഗത്തിലാവുന്നത്. ഇതോടെ പാതയില്‍ വികസനകുതിപ്പുണ്ടാവുമെന്നാണ് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നത്. പശ്ചിമഘട്ടത്തില്‍ മലകള്‍ തുരന്ന് ഏറെ ശ്രമകരമായ ഒരു പാത നിര്‍മ്മിക്കണം. ഇ ശ്രീധരന്‍ എന്ന രാജ്യത്തെ ഏറ്റവും മികച്ച എഞ്ചിനീയര്‍ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തതോടെ പദ്ധതി അതിവേഗം പൂര്‍ത്തിയായി. തൊണ്ണൂറ്റി എട്ടോടെയാണ് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു പാത ഉദ്ഘാടനം ചെയ്തത്. മഹാരാഷ്ട്രയിലെ റോഹയ്ക്കും കര്‍ണാടകയിലെ മംഗലാപുരത്തിനും ഇടയിലാണ് പാത.

കാലം മുന്നോട്ട് പോയതോടെ ആവശ്യങ്ങള്‍ കൂടി. കൂടുതല്‍ ട്രാക്ക്, കൂടുതല്‍ സര്‍വീസ്, അടിസ്ഥാന സൗകര്യ വികസനം അങ്ങനെ ന്യായമായ ആവശ്യങ്ങള്‍. പക്ഷെ പരിമിതികളുടെ പട്ടിക മാത്രമായിരുന്നു കൊങ്കണ്‍ റെയില്‍വേയുടെ മറുപടി. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട് കൊങ്കണ്‍ റെയിവേ കോര്‍പ്പറേഷനില്‍. 51 ശതമാനം ഓഹരി ഇന്ത്യന്‍ റെയില്‍വേയ്ക്കാണ്. 6 ശതമാനം വീതം കേരളത്തിനും ഗോവയ്ക്കും. കര്‍ണാടകയ്ക്ക് 15 ശതമാനവും മഹാരാഷ്ട്രയ്ക്ക് 22 ശതമാനവും ഓഹരി പങ്കാളിത്തം. മഹാരാഷ്ട്ര ഒഴികെ മറ്റെല്ലാവരും ലയനത്തിന് അനുകൂലമാണ്. ലയനം സാധ്യമായാല്‍ പാതയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാം. സാമ്പത്തിക ഞെരുക്കവും മാറും. കൊങ്കണ്‍ റെയില്‍വേ എന്ന് പേര് നിലനിര്‍ത്തണമെന്നും മൂലധന നിക്ഷേപമായി സംസ്ഥാനം നല്‍കിയ 360 കോടി തിരികെ നല്‍കണമെന്നുമാണ് മഹാരാഷ്ട്ര മുന്നോട്ട് വച്ച നിബന്ധന. റെയില്‍വേ ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കും.