ഇന്ന് മഹാത്മാവിന്‍റെ 150-ാം ജന്മദിനം; രാഷ്ട്രപിതാവിന്‍റെ സ്മരണയില്‍ രാജ്യം

0

അഹിംസ പടവാളാക്കി ഇന്ത്യൻ ജനതയെ മുഴുവൻ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പിടിയിൽ നിന്നും സ്വാതന്ത്രത്തിന്റെ വെളിച്ചത്തിലേക്ക് നയിച്ച മഹാത്മാ എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി പിറന്നുവീണിട്ട് ഇന്നേക്ക് 150 വർഷങ്ങൾ തികയുകയാണ്. ശുചിത്വ – ലഹരി വിരുദ്ധ പരിപാടികളോടെയാണ് രാജ്യം ഗാന്ധി ജയന്തി ആചരിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ‘രാഷ്ട്രപിതാവ്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്.മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ ഇന്നും കുടികൊള്ളുന്ന വ്യക്തിയാണ് മഹാത്മാഗാന്ധി.

അംഹിംസ ജീവിതവ്രതമാക്കി ഒരു ജനതയെ അടിമത്വത്തിൽ നിന്നും മോചിതരാക്കിയത് സ്വന്തം ജീവിതവും ജീവനും നല്‍കിക്കൊണ്ടായിരുന്നു. ഈ സഹനവും ത്യാഗവുമാണ് ആ മഹാത്മാവിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യുടെ രാഷ്ട്രപിതാവാവാക്കിയത്.

അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി സഹനസമരം നടത്തുമ്പോഴും സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി അദ്ദേഹം. തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും രാജ്യത്തെ ശിഥിലപ്പെടുത്തുമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഗാന്ധിയുടെ തത്വ ചിന്തകളുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായും ആചരിക്കുന്നു. ഇന്നും ലോകമെമ്പാടും ഗാന്ധിയൻ തത്വങ്ങൾ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.

സ്വന്തം ജീവിതം തന്നെ ലോകത്തിനു മൊത്തം വെളിച്ചവും മാതൃകയുമാക്കി മാറ്റിയ ആ മഹാത്മാവിന്‍റെ ജന്മദിനം ഇന്ന് നാടെങ്ങും ആഘോഷിക്കുകയാണ്. ജനിച്ചിട്ട് 150 വർഷം പിന്നിടുമ്പോഴും ലോകത്തിന്റെ ഓരോ കോണിലും ബാപ്പുവിന്റെ ദീപ്ത സ്മരണകൾ ഇന്നും കുടികൊള്ളുന്നുണ്ട്.