ആത്മീയ സഭയോ? ഭൗതിക സഭയോ?

0

ക്രിസ്ത്യൻ സഭകളുടെ വിശ്വാസ്യത നഷ്ടമാകുന്നുവെന്ന് സൂചിപ്പിക്കുന്ന വാർത്തകൾ തുടർച്ചയായി വന്നു കൊണ്ടിരിക്കയാണ്. ആത്മീയ ജീവിതം നയിക്കേണ്ട സഭാനാഥന്മാർ തികച്ചും ധാർമിക ജീവിതരീതികൾ കൈവെടിഞ്ഞ് അസാന്മാർഗിക പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിൻ്റെ പകൽ പോലെ വ്യക്തമായ തെളിവുകൾ നമുക്ക് മുന്നിലുണ്ട്. ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലും ഫാദർ റോബിനുമെല്ലാം പിടിക്കപ്പെട്ട തെളിവുകൾ മാത്രം. കന്യാസ്ത്രീ മഠങ്ങളിലെ കിണറ്റിൽ വീണുള്ള മരണങ്ങൾക്ക് വാർത്താ പ്രാധാന്യം പോലും നഷ്ടമായിരിക്കുന്നു. വിശുദ്ധരെന്ന് നാം കരുതിയവരിൽ ഏറെയും കള്ളനാണയങ്ങളാണെന്ന് വ്യക്തമായിരിക്കുന്നു.

വ്യക്തിപരമായ അസാന്മാർഗികത മാത്രമല്ല, സഭ തന്നെ ധനസമ്പാദനത്തിൻ്റെയും സ്വത്ത് സമ്പാദനത്തിൻ്റെയും പിന്നാലെയുള്ള പരക്കം പാച്ചിലിലാണോ എന്ന് സംശയിക്കേണ്ട രീതിയിൽ കാര്യങ്ങൾ മാറിത്തീർന്നിരിക്കുന്നു. ഇന്ന് മാർപ്പാപ്പക്ക് തൊട്ടു താഴെയുള്ള കർദ്ദിനാൾ വരെ ആരോപണത്തിന് വിധേയരായി സംശയത്തിൻ്റെ നിഴലിലാണ്.

വൈദികർ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരുടെ വേഷപ്പകർച്ചയിലാകുന്ന പരിതാപകരമായ കാഴ്ച വിശ്വാസി സമൂഹത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്. സ്വത്ത് കച്ചവടം നടത്തി ആദായ നികുതി വകുപ്പിനെ കബളിപ്പിച്ചതിന് പിഴയടക്കാൻ സഭ നോട്ടീസ് കൈപ്പറ്റിയെന്ന വാർത്ത അൽമായരെ വേദനിപ്പിക്കുക തന്നെ ചെയ്യും. സീറോ മലബാർ സഭ എന്ന പേരിന് പകരം ക്രോർ(കോടി) മലബാർ സഭ എന്ന് പുനർ നാമകരണം നടത്തേണ്ട അവസ്ഥ സംജാതമായിട്ടുണ്ട്.

ത്വാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും സഭ വാണിജ്യത്തിൻ്റെയും ലാഭക്കൊതിയുടെയും സഭയായി പരിണമിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം വർഷങ്ങൾക്കപ്പുറത്തുണ്ടായ മഹാ ത്യാഗത്തിൻ്റെ പ്രതിരൂപമായ യേശുക്രിസ്തുവിൻ്റെ പേരിലാണ് സഭയുടെ ഈ ഭൗതിക നേട്ടങ്ങൾക്കായുള്ള വാണിജ്യ താല്പര്യമെന്നറിയുമ്പോൾ സഹതപിക്കുക മാത്രമേ നിർവ്വാഹമുള്ളൂ.