ലോക്ക് ഡൗൺ കാലത്ത് മലപ്പുറത്ത് ഓൺലൈൻ കല്യാണം; കല്യാണത്തിൽ പങ്കെടുത്തത് നൂറിലധികം പേർ

0

കൊവിഡ് ഭീതിയിൽ നിശ്ച്ചയിച്ചുറപ്പിച്ച കല്യാണങ്ങളെല്ലാം മാറ്റിവെച്ച് ലോകം മുഴുവൻ ലോക്ക് ഡൗണിൽ വീടുകളിൽ തന്നെ തുടരുകയാണ് ഈസമയത്തും നിയമങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ വിവാഹം കെങ്കേമമാക്കാൻ വഴി പറഞ്ഞു തരുകയാണ് മലപ്പുറം വേങ്ങരയിൽ നടന്ന ഓൺലൈൻ കല്യാണം.

മലപ്പുറം വേങ്ങര മച്ചിങ്ങൽ ഫിറോസും മുഫീദയുമാണ് ഇത്തരത്തിൽ വിവാഹിതരായത്. തങ്ങളുടെ ജീവതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തത്തിന് പ്രിയപ്പെട്ടവരെ സാക്ഷിയാക്കണമെന്ന നിർബന്ധമുണ്ടായിരുന്നു ഇരുവർക്കും. വരനും വീട്ടുകാരുമുൾപ്പെടെ ആറു പേർക്കൊപ്പം നൂറിലധികം പേരാണ് ഈ ഓൺലൈൻ വിവാഹത്തിൽ പങ്കെടുത്തത്.

കല്യാണത്തിനായി ക്ഷണം പൂർത്തിയാക്കി ഓഡിറ്റോറിയമടക്കം ബുക്ക് ചെയ്ത ശേഷമാണ് കൊവിഡ് ഭീതിയും നിയന്ത്രണങ്ങളും മൂലം വിവാഹം വിചാരിച്ച രീതിയിൽ നടത്താൻ പറ്റാതെ വന്നത്. ഒടുവിൽ വീട്ടുക്കാർ മാത്രമായി ഒതുങ്ങി പോകാവുന്ന ഈ ചടങ്ങിനെ നിരവധി പേർക്ക് ഒരേസമയം വീഡിയോ മീറ്റിംഗ് സാധ്യമാവുന്ന ഓൺലൈൻ ആപ്ലിക്കേഷന്റെ സഹായത്തോടെ നടത്തുകയായിരുന്നു. ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെയാണ് ചടങ്ങുകളിൽ പങ്കെടുത്തവർ നിന്നത്.