മിനി’യുടെ കണ്‍ട്രിമാന്‍ സ്വന്തമാക്കി നവ്യ നായര്‍

0

മലയാള സിനിമാതാരങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് മിനി കൂപ്പറിന്റെ സ്ഥാനം. മലയാളത്തിലെ യുവതാരങ്ങളില്‍ പലരുടേയും ഗ്യാരേജില്‍ ഇതിനോടകം മിനി എത്തിക്കഴിഞ്ഞു. മലയാള സിനിമയിലെ മിനി കാര്‍ ഉടമകളുടെ പട്ടികയില്‍ മലയാളികളുടെ പ്രിയനായികയായ നവ്യ നായരും എത്തിയിരിക്കുകയാണ്. മിനിയുടെ ഏറ്റവും മികച്ച മോഡലായ കണ്‍ട്രിമാനാണ് നവ്യ സ്വന്തമാക്കിയ വാഹനം.

ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ കൺട്രിമാനാണ് താരം സ്വന്തമാക്കിയത്. നവ്യ നായർ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കൺട്രിമാന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

KL 07 CX 3223 എന്ന ഫാന്‍സി നമ്പറും താരം തന്റെ പുതിയ വാഹനത്തിനായി സ്വന്തമാക്കിയിട്ടുണ്ട്. പുതിയ കാര്‍, മിനി കണ്‍ട്രിമാന്‍, ദൈവത്തിന്റെ അനുഗ്രഹം എന്ന കുറിപ്പോടെയാണ് നവ്യ വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ബന്ധുകള്‍ക്കൊപ്പം എത്തിയാണ് താരം പുതിയ വാഹനത്തെ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്.

മിനിയുടെ നാലു ഡോർ വാഹനമാണ് കണ്‍ട്രിമാൻ. 1998 സിസി പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.5 സെക്കൻഡ് മാത്രം. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.