അക്ഷരമാല തിരിച്ചെത്തുന്നു

0

നമ്മുടെ കേരളത്തിലെ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ അക്ഷരമാല തിരിച്ചെത്തുകയാണ്. വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്ന പേരിൽ കുറച്ചു കാലമായി നമ്മുടെ കേരളത്തിലെ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ നിന്നും അക്ഷരമാല അപ്രത്യക്ഷമായിരുന്നു. ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ അക്ഷര പഠനത്തെ തകർക്കുന്ന രീതിയിൽ അക്ഷരമല്ല പ്രധാനം എന്ന രീതിയിൽ ചില പരിഷ്കരണവാദികൾ അശാസ്ത്രീയമായ അക്ഷര വിരോധം പ്രകടിപ്പിച്ചിരുന്നത്. മലയാള ഭാഷാ സ്നേഹികൾ അന്ന് തന്നെ ഈ തലതിരിഞ്ഞ പരിഷ്കാരത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഏറ്റവും ഒടുവിലായി മലയാള ഭാഷാധ്യാപകനായിരുന്ന എഴുത്തുകാരനും നിരീക്ഷകനുമായ ശ്രീ. എം.എൻ.കാരശ്ശേരി അക്ഷരമാല പഠനഭാഗമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകുകയായിരുന്നു. ഈ എഴുത്ത് പരിഗണിച്ചു കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി.ശിവൻകുട്ടി പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്താനുള്ള തീരുമാനം നിയമസഭയെ അറിയിച്ചത്. ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം വളരെയധികം സ്വാഗതാർഹമായ ഒന്ന് തന്നെയാണ്.

അക്ഷരം പഠിക്കാതെ ഭാഷാപഠനം നടത്തുന്നത് അശാസ്ത്രീയമായ തീരുമാനമായിരുന്നെന്ന തിരിച്ചറിവ് മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും സന്തോഷത്തോടെ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഭാഷാ പഠനത്തിൻ്റെ ആത്മാവാണ് അക്ഷരമാലയുടെ പഠനമെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞത് അഭിമാനകരമെന്ന് തന്നെ പറയാം.