പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു

0

മലയാള കവിതയില്‍ വിമശർനഹാസ്യത്തിലൂടെ ഹാസ്യ സാഹിത്യ സാമ്രാജ്യം പടുത്തുയർത്തിയ ചെമ്മനം ചാക്കോ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ കുറച്ചുനാളായി വിശ്രമജീവിതത്തിലായിരുന്നു. കാക്കനാട്‌ പടമുകളിലെ വസതിയില്‍ ഇന്നലെ രാത്രി11.50നായിരുന്നു അന്ത്യം.

കാലിക പ്രസക്‌തിയായിരുന്നു അദ്ദേഹത്തിന്റെ കവിതകളെ ശ്രദ്ധേയമാക്കിയിരുന്നത്‌. ചുറ്റും നടക്കുന്ന സംഭവങ്ങളെ നേരിട്ടും ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെയും വിമര്‍ശിക്കുന്ന ശൈലിയായിരുന്നു ചെമ്മനത്തിന്റേത്‌.

ലളിതമായ ഭാഷയിൽ അതിശക്തമായ സാമൂഹിക വിമർശനം നടത്തിയിരുന്ന ചെമ്മനം കുഞ്ചൻ നമ്പ്യാരുടെയും സഞ്ജയന്റെയും പാതയിൽ ഭാഷാസാഹിത്യ സേവനം നടത്തി ഏറെ ജനപ്രീതി നേടിയ കവിയായിരുന്നു.ആളില്ലാ കസേരകൾ’ എന്ന കവിത ഏറെ പ്രശസ്തമായിരുന്നു. സർക്കാർ ഓഫീസുകളിലെ ജനവിരുദ്ധ ഇടപെടലുകളെക്കുറിച്ചും വിദ്യാഭ്യാസ മേഖലയിലെപോരായ്മകളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ കാവ്യ വിമർശനങ്ങൾ മർമത്തു തന്നെ കൊള്ളുന്നവയായിരുന്നു.

വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന മുളക്കുളം ഗ്രാമത്തില്‍ വൈദികനായിരുന്ന യോഹന്നാന്‍ കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച്‌ 7 നായിരുന്നു ജനനം. കുടുംബ പേരാണ്‌ ചെമ്മനം. പിറവം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌ക്കൂള്‍, ആലുവ യു.സി. കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളില്‍ പഠിച്ച്‌ മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്‌സ്‌ ബിരുദം നേടി. പിറവം സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍, പാളയംകോട്ട സെന്റ്‌ ജോണ്‍സ്‌ കോളജ്‌, തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളജ്‌, കേരള സര്‍വകലാശാല മലയാളം വകുപ്പ്‌ എന്നിവിടങ്ങളില്‍ അധ്യാപകവൃത്തി. 1968 മുതല്‍ 86 വരെ കേരളസര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഡയറക്‌ടറായും സേവനമനുഷ്‌ടിച്ചിരുന്നു.

1940-കളുടെ തുടക്കത്തില്‍ സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചു. 1946-ല്‍ ചക്രവാളം മാസികയില്‍ പ്രവചനം എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. വിളംബരം എന്ന കവിതാസമാഹാരം 1947 ല്‍ പ്രസിദ്ധീകരിച്ചു. 1965-ല്‍ പ്രസിദ്ധീകരിച്ച ഉള്‍പ്പാര്‍ട്ടി യുദ്ധം കവിത മുതലാണ്‌ ആക്ഷേപഹാസ്യമേഖലയിലേക്കു ചുവടൂന്നിയത്‌. 1967-ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി.

വിളംബരം (1947), കനകാക്ഷരങ്ങള്‍ (1967), നെല്ല്‌ (1968), കാര്‍ട്ടൂണ്‍ കവിത ഇന്ന്‌ (1969), പുത്തരി (1970), അസ്‌ത്രം (1971), ആഗ്‌നേയാസ്‌ത്രം (1972), ദുഃഖത്തിന്റെ ചിരി (1973), ആവനാഴി (1974), ജൈത്രയാത്ര (1975), രാജപാത (1976), ദാഹജലം (1981), ഭൂമികുലുക്കം (1983), അമ്പും വില്ലും (1986), രാജാവിനു വസ്‌ത്രമില്ല (1989), ആളില്ലാക്കസേരകള്‍ (1991), ചിന്തേര്‌ (1995)

നര്‍മസങ്കടം ബഹുമതികളും മറ്റും(1997), ഒന്ന്‌ ഒന്ന്‌ രണ്ടായിരം (2000), ഒറ്റയാള്‍ പട്ടാളം (2003), ഒറ്റയാന്റെ ചൂണ്ടുവിരല്‍ (2007), അക്ഷരപ്പോരാട്ടം (2009), തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമിയില്‍ നിന്നും കവിതാഅവാര്‍ഡ്‌ ( രാജപാത – 1977 ), ഹാസ്യസാഹിത്യ അവാര്‍ഡ്‌ (കിഞ്ചന വര്‍ത്തമാനം – 1995 ), സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌ക്കാരം (2006 ), മഹാ കവി ഉള്ളൂര്‍ കവിതാ അവാര്‍ഡ്‌ ( 2003 ), സഞ്‌ജയന്‍ അവാര്‍ഡ്‌ (2004 ), പി. സ്‌മാരക പുരസ്‌ക്കാരം (2004 ), പണ്ടിറ്റ്‌ കെ. പി. കറുപ്പന്‍ അവാര്‍ഡ്‌ (2004 ), മുലൂര്‍ അവാര്‍ഡ്‌ (1993 ), കുട്ടമത്ത്‌ അവാര്‍ഡ്‌ (1992 ), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്‌ (1993 ), എ ഡി ഹരിശര്‍മ അവാര്‍ഡ്‌ (1978 ), കുഞ്ചന്‍ നമ്പ്യാര്‍ സ്‌മാരക പുരസ്‌കാരം (2012) തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി, ആതര്‍സ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ, സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌, മലയാളം ഫിലിം സിന്‌സോര്‍ ബോര്‍ഡ്‌, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക ബോര്‍ഡ്‌ തുടങ്ങിയവയില്‍ നിര്‍വാഹക സമിതി അംഗം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്‌

ഭാര്യ: ബേബി ടീച്ചർ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: ഡോ. ശോഭ (അമൃത ആശുപത്രി എറണാകുളം), ഡോ. ജയ (യു.കെ.). മരുമക്കൾ: ഡോ. ജോർജ് പോൾ (അമൃത ആശുപത്രി എറണാകുളം), ഡോ. ചെറിയാൻ വർഗീസ് (യു.കെ.)