നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം പള്ളിക്കുന്നുംപുറം സൽമാൻ മൻസിലിൽ മുഹമ്മദ് അനസ് (43) ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഈയാഴ്ച നാട്ടിൽ പോകാൻ റീഎൻട്രി വിസ അടിച്ചു അതിനുള്ള ഒരുക്കത്തിലായിരുന്നു.

ഡ്രൈവറും മേസനുമായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ റിയാദ് ശിഫയിലെ ജോലി സ്ഥലത്ത് വെച്ചാണ് കുഴഞ്ഞുവീണത്. താമസ സ്ഥലത്തു നിന്ന് പോകുമ്പോൾ തന്നെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നത്രെ. ഭാര്യ – ഷീജ, മക്കൾ – സൽമാൻ, ഫർഹാൻ, ഇർഫാൻ. സഹോദരങ്ങൾ – താഹിർ, ശറഫുദ്ദീൻ, നിസാം, ഹലീം, നദീറ.

ഹാഇലിൽ ജോലി ചെയ്യുന്ന സഹോദരൻ ഹലീം വിവരമറിഞ്ഞ് റിയാദിലെത്തിയിട്ടുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കാൻ അദ്ദേഹത്തോടൊപ്പം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.