ജോലി കഴിഞ്ഞ് വരുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

0

മാന്നാർ: ഒമാൻ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മാന്നാർ കുട്ടംപേരൂർ പതിനൊന്നാം വാർഡ് അശ്വതി ഭവനത്തിൽ സന്തോഷ് പിള്ള (41) മരിച്ചു. ഒമാനിലെ അൽവാസൻ ഇന്റഗ്രേറ്റഡ് ട്രേഡിങ്ങ് കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞ് സഹപ്രവർത്തകരോടൊപ്പം ഫുട്പാത്തിലൂടെ നടന്നു നീങ്ങവേ പിന്നിൽ നിന്നും സ്‍പോർട്സ് കാർ ഇടിച്ചാണ് അപകടം.

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മരണപ്പെട്ടു. നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. പുലിയൂർ തെക്കുംകോവിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെയും ശാന്തകുമാരിയുടെയും മകനാണ് സന്തോഷ് പിള്ള. ഭാര്യ – അശ്വതി പിള്ള. കുരട്ടിക്കാട് ഭൂവനേശ്വരി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി നൈനിക് എസ്.പിള്ള ഏക മകനാണ്.