ആലപ്പുഴക്കാരന്‍ പ്രവാസി മലയാളിക്ക് അബുദാബി ലോട്ടറിയില്‍ ഇരുപത്തി മൂന്ന്‍ കോടി രൂപ സമ്മാനം

1

കുവൈറ്റ്‌ സിറ്റി: കുവൈറ്റില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളിയായ റോജി ജോര്‍ജ്ജിന് അബുദാബി സര്‍ക്കാരിന്‍റെ ബിഗ് ലോട്ടറി നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചു. 12 വര്‍ഷത്തിലധികമായി കുടുംബത്തോടൊപ്പം കുവൈത്തില്‍ താമസിക്കുകയാണ് റോജി.

ആലപ്പുഴ ചമ്പക്കുളം മാവേലിക്കുളത്ത് കുടുംബാംഗമാണ് റോജി ജോർജ്ജ്. മകള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്വകാര്യ കമ്പനിയില്‍ പര്‍ച്ചേയ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന റോജി ഇതിന് മുന്‍പും ടിക്കറ്റെടുത്തിട്ടുണ്ട്. അഞ്ചാമത്തെയോ ആറാമത്തെയോ തവണയായിരിക്കും ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്ന് ടിക്കറ്റുകളാണ് സാധാരണ ഒരുമിച്ചെടുക്കാറുള്ളത്.

കഴിഞ്ഞ ദിവസത്തെ നറുക്കെടുപ്പില്‍ ആദ്യത്തെ ഏഴ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഒരു ശ്രീലങ്കക്കാരനും വിജയികളുടെ പട്ടികയില്‍ ഇടം നേടി. ഈ വര്‍ഷം ഇതുവരെ നടന്ന മൂന്ന് നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം മലയാളികള്‍ക്ക് തന്നെയായിരുന്നു.

ഭാര്യ എലിസബത്ത് വര്‍ഗീസ്‌ കുവൈറ്റിലെ ഇബ്ന്‍ സീനാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ്. മകള്‍ ക്രിസ്റ്റിയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു തുടര്‍ പഠനത്തിനു നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈനിലൂടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന റോജിക്ക്, ആറാമത്തെ തവണ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.

കുവൈറ്റില്‍നിന്നും അബുദാബി ലോട്ടറിയില്‍ വലിയസമ്മാനം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് റോജിജോര്‍ജ്ജ്.