ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു; കൊച്ചി സ്വദേശിനി ഗുരുതരാവസ്ഥയിൽ

0

ലണ്ടൻ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതന്‍റെ വെടിവയ്പ്പ്.  കൊച്ചി ഗോതുരത്ത് സ്വദേശിനിയായ 10 വയസുകാരി ലിസ മരിയക്ക് ആണ് വെടിയേറ്റത്. മാതാപിതാക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു വെടിയേറ്റത്.

ലിസ മരിയയും അച്ഛനും അമ്മയും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിച്ചുവരികയാണ്. ലണ്ടനിലെ തന്നെ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോഴായിരുന്നു സംഭവം. ലിസ മരിയയ്ക്ക് പുറമേ മറ്റ് 2 കുട്ടികൾക്കു കൂടി വെടിയേറ്റിട്ടുണ്ട്.

വെടിയുതിര്‍ത്ത ആളെ കണ്ടെത്താന്‍ ആയിട്ടില്ല. ഗുരുതരപരുക്കുകളോടെ കുട്ടിയെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സര്‍ജറി കഴിഞ്ഞ് പെണ്‍കുട്ടി വെന്റിലേറ്ററില്‍ തന്നെയാണ് ഉള്ളത്. സംഭവത്തില്‍ ലണ്ടന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.