ബ്രിട്ടനിൽ മലയാളി വിദ്യാർഥി കാറപകടത്തിൽ മരിച്ചു

0

ലണ്ടൺ: ബ്രിട്ടനിൽ മലയാളി വിദ്യാർഥി കാറപകടത്തിൽ മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദ് (24) ലാണ് ദുഃഖവെള്ളിയാഴ്ച പുലർച്ചെ ബ്രിട്ടനിലെ നോർവിച്ചിനു സമീപം മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. എ-14 മോട്ടോർവേയിൽ ജംക്‌ഷൻ അൻപതിനും 51നുമിടയിൽ കോഡെൻഹാമിലായിരുന്നു പ്രാദേശികസമയം വെള്ളിയാഴ്ച പുലർച്ചെ 4.50ന് അപകടമുണ്ടായത്. സഫോക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമലിനൊപ്പം ആകാശ്, നിഷാൻ എന്നീ വിദ്യാർഥികളും ഉണ്ടായിരുന്നു. പരുക്കേറ്റ ആകാശ് ഇപ്സ്വിച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി ഇടിച്ചായിരുന്നു അപകടം. കാർ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.

ഈയിടെ ബ്രിട്ടനിലെത്തിയ അമലും കൂട്ടുകാരും ബയോമെട്രിക് കാർഡും ഡിബിഎസ് സർട്ടിഫിക്കറ്റും വാങ്ങാൻ ലണ്ടനിൽ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. ഗരുതരമായി പരുക്കേറ്റ അമൽ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

പൊലീസ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചു. കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയും നോർവിച്ച് മലയാളി അസോസിയേഷനും ഉൾപ്പെടെയുള്ള സംഘടനകൾ.