ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലയാളി ഉംറ തീർത്ഥാടകൻ മരിച്ചു

0

റിയാദ്: ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലയാളി ഉംറ തീർഥാടകൻ മരിച്ചു. തൃശൂർ മാമ്പറ എരയംകുടി അയ്യാരിൽ ഹൗസിൽ എ.കെ. ബാവു (79) ആണ് റെഹേലിയിലുള്ള കിങ് അബ്‍ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ മരിച്ചുത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പെൺമക്കളായ ബീന, ബിജിലി എന്നിവരും, ബീനയുടെ ഭർത്താവ് അബ്ബാസും മടക്കയാത്ര റദ്ദാക്കി ജിദ്ദയിലുണ്ട്.

ഉംറ കഴിഞ്ഞ് മടക്കയാത്രക്കായി ഇന്നലെ ജിദ്ദ കിങ് അബ്‍ദുൽ അസീസ് വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിൽ എത്തിയശേഷമാണ് ബാവു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്നത്. ഉടൻതന്നെ വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്റർ ടീം അടിയന്തിര ശുശ്രൂഷ നൽകി. തുടർന്ന് റെഹേലി കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തി ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരണപ്പെട്ടു.

കിംഗ് ഫഹദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നെന്നാണ് ആദ്യം ബന്ധുക്കൾക്കും സഹായത്തിനായി രംഗത്തുണ്ടായിരുന്ന കെ.എം.സി.സി പ്രവർത്തകർക്കും വിവരം ലഭിച്ചത്. പിന്നീടാണ് റെഹേലിയിലേക്കാണ് കൊണ്ടുപോയതെന്ന് അറിഞ്ഞത്. കുടുംബാംഗങ്ങൾ അവിടെ എത്തിയപ്പോഴേക്കും ബാവു മരിച്ചിരുന്നു.

മൃതദേഹം ഇവിടെ തന്നെ ഖബറടക്കാനുള്ള ആഗ്രഹമെന്ന് മകളുടെ ഭർത്താവ് അബ്ബാസ് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾക്കായി കെ.എം.സി.സി പ്രവർത്തകരായ നൗഫൽ, ഹംസക്കുട്ടി ആനപ്പുറം തുടങ്ങിയവർ രംഗത്തുണ്ട്. ബീവാത്തുമ്മയാണ് മരിച്ച ബാവുവിന്റെ ഭാര്യ. മറ്റ് മക്കൾ: ബൈജു, ബാനു. മറ്റ് മരുമക്കൾ: നിഷ, ഷിബി ഇസ്‍മയിൽ.