ഇടുക്കി സ്വദേശിനി ദക്ഷിണ കൊറിയയിൽ കുഴഞ്ഞുവീണു മരിച്ചു

0

ചെറുതോണി ∙ ദക്ഷിണ കൊറിയയിൽ ഗവേഷക വിദ്യാർഥിയായ ഇടുക്കി സ്വദേശിനി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിന്റെയും ഷെർലിയുടെ മകൾ ലീജ ജോസ് (28) ആണ് മരിച്ചത്. 4 വർഷമായി ദക്ഷിണ കൊറിയയിൽ ലീജ ഗവേഷക വിദ്യാർഥിനിയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് നാട്ടിൽ വന്നിരുന്നു. കോവിഡ് വ്യാപകമായതിനാൽ നിശ്ചയിച്ചിരുന്ന സമയത്ത് തിരികെ പോകാൻ കഴിഞ്ഞില്ല. പിന്നീട് കഴിഞ്ഞ ആറിനാണ് ലീജ കോഴ്സ് പൂർത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു പുറപ്പെട്ടത്. സെപ്റ്റംബറിൽ വീസ കാലാവധി തീരുന്നതിനാൽ കോഴ്സ് പൂർത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു മടക്കം.

കൊറിയയിൽ എത്തി 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനിടെ ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല. ക്വാറന്റീൻ കാലാവധിക്കു ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെത്തുടർന്ന് തിരികെ നാട്ടിലേക്കു പോരാൻ ടിക്കറ്റ് എടുത്തിരുന്നു.

വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തിൽ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.