മലേഷ്യൻ വിമാനം കാണാതായിട്ട് നാളേക്ക് നാല് വര്ഷം; വിമാനം ഇനി തിരയേണ്ട എന്ന് പ്രവചനം

0

നാളേക്ക് കൃത്യം നാലു വർഷം മുൻപാണ് മലേഷ്യൻ എയർവെയ്സിന്റെ എംഎച്ച് 370 എന്ന വിമാനം കാണാതാകുന്നത്. വൻ ദുരന്തത്തിന്റെ നാലാം വർഷം ഓർമിക്കുമ്പോഴും വിമാനത്തെ കുറിച്ച് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

കോടികൾ ചിലവിട്ട് നിരവധി രാജ്യങ്ങൾ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും വ്യക്തമായ സൂചന പോലും ലഭിച്ചില്ല. ആ വിമാനം എവിടേക്ക് പോയി എന്നോ, എന്തു സംഭവിച്ചോ എന്നത് സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. ഇതിനിടെ നിരവധി കോൺസ്പിറസി തിയറികളും അന്വേഷണ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

ആധുനിക യുഗത്തിലെ ഏറ്റവും വലിയ നിഗൂഢതയായി മലേഷ്യൻ വിമാനം ഇപ്പോഴും മറഞ്ഞിരിക്കുകയാണ്. വിമാനത്തിലെ 239 പേർക്ക് എന്തു സംഭവിച്ചിട്ടുണ്ടാകും? ഒന്നിനും ഉത്തരമില്ല. അവസാനത്തെ തിരച്ചിൽ ജൂണോടു കൂടി അവസാനിക്കും. 46,000 ചതുരശ്ര മൈൽ കടൽ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒഴുകി നടക്കുന്ന, വിമാത്തിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്.

ഇതിനിടെ മലേഷ്യൻ വിമാനത്തെക്കുറിച്ച് മറ്റൊരു പ്രവചനവും കൂടി വന്നിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിജയം, ഹാരി രാജകുമാരന്റെ വിവാഹ നിശ്ചയം തുടങ്ങി നിരവധി സംഭവങ്ങൾ പ്രവചിച്ച സൈക്കിക് ലിൻഡ്സെ എഡ്വേർഡ്സ് മലേഷ്യൻ വിമാനത്തിന് എന്തു സംഭവിച്ചു എന്നും പ്രവചിച്ചിരിക്കുന്നു. അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ വായനക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് പുതിയ പ്രവചനം നടത്തിയത്. മലേഷ്യൻ വിമാനം ഭീകരൻ ബോംബ് വെച്ച് തകർത്തു. ഭീകരന് പിന്നിൽ നിരവധി പേരുണ്ട്. ഇനി ആ വിമാനം ഒരിക്കലും കണ്ടെത്തില്ല. വിമാനം തിരയേണ്ട കാര്യമില്ല– ലിൻഡ്സെ എഡ്വേർഡ്സ് പറഞ്ഞു.

പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ ആ വിമാനത്തിൽ ഉണ്ടായിരുന്നു. ശരീരത്തിൽ ബോംബ് ഘടിപ്പിച്ചാണ് സ്ഫോടനം നടത്തിയത്. തന്റെ ദിവ്യശക്തിയുടെ പിൻബലത്തിലാണ് ഇക്കാര്യങ്ങൾ പ്രവചിക്കുന്നതും കാര്യങ്ങൾ പറയുന്നതുമെന്നും അവർ പറഞ്ഞു. വിമാനത്തിൽ പൊട്ടിത്തെറിക്കുന്ന ഡിവൈസ് ഉണ്ടായിരുന്നു. വിമാനം മുകളിൽ വെച്ചു തന്നെ തകർന്നു ചാരമായി. സ്ഫോടനത്തിൽ ശേഷിച്ച ചില ഭാഗങ്ങളാണ് സമുദ്രത്തിൽ നിന്ന് കണ്ടെത്തിയത്.കാര്യങ്ങൾ തന്ത്രപരമായി നടപ്പാക്കുന്നതിൽ ഭീകരർ വിജയിച്ചു. ഏറെ സൂക്ഷിച്ചാണ് അവർ ഓരോ കാര്യവും ചെയ്തു തീർത്തത്. സ്ഫോടനം നടത്താൻ ഒരാൾ തന്റെ ജീവൻ തന്നെ ഉപേക്ഷിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു