സോണിയയും മമതയും ശരിയായ പാതയിലേക്കോ?

0

ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തരായ രണ്ട് വനിതകളാണ് സോണിയാ ഗാന്ധിയും മമതാ ബാനർജിയും. ഒരേ കക്ഷിയുടെ പതാകക്ക് കീഴിൽ അണിനിരന്ന് രാഷ്ടീയ പ്രവർത്തനം നടത്തിയ ധീരരായ വനിതകൾ . സ്വന്തം വ്യക്തി ജീവിതം രാഷ്ട്രീയ പ്രവർത്തനത്തിനായി ഹോമിച്ച് ജനഹൃദയങ്ങളെ കവർന്ന നേതാവാണ് ബംഗാളിൻ്റെ സ്വന്തം ദീദി. നാടിന് വേണ്ടി കുടുംബത്തിലെ പലരെയും, ഭർതൃമാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ട കുടംബത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്ന സോണിയാ ഗാന്ധി പ്രസ്ഥാനത്തിൻ്റെ വിളി കേട്ടാണ് രാഷ്ട്രീയ രംഗത്തെത്തിയത്.

എന്നാൽ താമസിയാതെ ഉപജാപക സംഘത്തിൻ്റെ സ്വാധീനവലയത്തിൽ പെട്ട സോണിയാ ഗാന്ധിയുടെ പ്രവർത്തന രീതി കോൺഗ്രസ്സിൻ്റെ ജനകീയ അടിത്തറയും ജനാധിപത്യ സ്വഭാവവും നഷ്ടപ്പെടുത്താൻ ഇടയാക്കിയെന്ന കാര്യത്തിൽ സംശയമില്ല. ബി.ജെ.പി എന്ന രാഷ്ടീയ കക്ഷിക്ക് ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിലേക്ക് വഴിയൊരുക്കാൻ കാരണമായതും ഇത് തന്നെയാണ്. മമതാ ദീദിയെ കോൺഗ്രസ്സിൽ നിന്നു പുകച്ചു ചാടിച്ചതും സോണിയയുടെ പിടിപ്പുകേട് കൊണ്ട് തന്നെയായിരുന്നു. മമതയെ മാത്രമല്ല അതിലൂടെ കോൺഗ്രസ്സിന് നഷ്ടമായത്. ബംഗാൾ എന്ന സംസ്ഥാനത്തിലെ കോൺഗ്രസ്സ് എന്ന കക്ഷിയുടെ പൂർണ തകർച്ചയായിരുന്നു അതുണ്ടാക്കിയ പരിണിത ഫലം.

ഒരു ജനാധിപത്യ സ്വഭാവമുള്ള ഭരണം തന്നെയാണ് ഇന്ത്യൻ ജനത ഇന്നാഗ്രഹിക്കുന്നത്. രാജ്യഭരണം ഫാസിസ്റ്റ് രീതിയിലാകുമ്പോൾ ജനാധിപത്യത്തിൻ്റെ ശബ്ദം കേൾക്കാൻ രാഷ്ട്രം ആഗ്രഹിക്കുന്നുണ്ട്.
ഈ സന്ദർഭത്തിലാണ് മമതാ – സോണിയാ കൂടിക്കാഴ്ച നടക്കുന്നത്.

ബി.ജെ.പി.ക്കെതിരെയുള്ള പോരാട്ടത്തിൽ അവർ ഒന്നിക്കുകയാണെങ്കിൽ തീർച്ചയായും ജനാധിപത്യ വിശ്വസികൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഏറ്റവും പ്രാധാന്യമർഹിക്കുന്ന രാഷ്ട്രീയ വാർത്ത അത് തന്നെയായിരിക്കും എന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയ ഭാരതം പ്രതീക്ഷിക്കുന്നത് ഈ വനിതകളിൽ നിന്നും ഇത്തരം ഒരു തീരുമാനം തന്നെയാണ്. തങ്ങൾക്ക് പറ്റിയ രാഷ്ട്രീയ അബദ്ധം തിരുത്താനുള്ള അനുയോജ്യമായ അവസരമാണിതെന്ന് മനസ്സിലാക്കി ശരിയായ പാതയിൽ സഞ്ചരിക്കാൻ ഈ വനിതകൾ തീരുമാനിച്ചാൽ ജനാധിപത്യ ഭാരതത്തിന് പ്രതീക്ഷക്ക് വകയുണ്ട്.