‘ഈ വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു’; ഡെന്നിസിനെ ഓർത്ത് മമ്മൂട്ടി

0

പ്രശസ്‍ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ വിയോഗം തന്നെ വല്ലാതെ സങ്കടപെടുത്തുന്നുവെന്ന് മമ്മൂട്ടി. “ഡെന്നിസ് ജോസഫിന്‍റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളർച്ചയിലും തളർച്ചയിലും എന്‍റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓർമിക്കപ്പെടും. നിത്യശാന്തി നേരുന്നു”, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ കരിയറിലെ തിരിച്ചുവരവ് ചിത്രങ്ങളിലൊന്നായിരുന്ന ‘ന്യൂഡല്‍ഹി’യുടെ രചന നിര്‍വ്വഹിച്ചത് ഡെന്നിസ് ജോസഫ് ആയിരുന്നു. മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങളായ നിറക്കൂട്ട്, സംഘം, നായര്‍ സാബ്, കോട്ടയം കുഞ്ഞച്ചന്‍ എന്നിവയ്ക്കൊക്കെ തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. ഒമര്‍ ലുലുവിന്‍റെ സംവിധാനത്തില്‍ വരേണ്ടിയിരുന്ന പവര്‍ സ്റ്റാര്‍ ആയിരുന്നു പ്രഖ്യാപിക്കപ്പെട്ട അവസാനചിത്രം.

ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് പോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. എൺപതുകളിലെ ഹിറ്റ് മേക്കർ. 45 സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. ഈറൻ സന്ധ്യയായിരുന്നു ആദ്യചിത്രം. ജോഷി, തമ്പി കണ്ണന്താനം എന്നിവർക്കൊപ്പം ഒട്ടേറെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം. കെ ജി ജോർജ്, ടി എസ് സുരേഷ് ബാബു, സിബി മലയിൽ, ഹരിഹരൻ എന്നിവർക്കായും സിനിമകൾ എഴുതി. മനു അങ്കിൾ, അഥർവം, തുടർക്കഥ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.