മഹാരാജാസ് കോളജ് മാസികയിലെ തന്റെ പഴയകാല ചിത്രം കണ്ടുപിടിച്ച് മമ്മൂട്ടി; വിഡിയോ
മഹരാജാസ് കോളജ് സന്ദർശിച്ച്, തന്റെ കോളജ് കാലഘട്ടം ഓർത്തെടുത്ത് മമ്മൂട്ടി. പുതിയ ചിത്രമായ 'കണ്ണൂർ സ്‌ക്വാഡി'ന്റെ ചിത്രീകരണത്തിനായാണ് മെഗാ സ്റ്റാർ തന്റെ പഴയ കലാലയത്തിലേക്ക് തിരിച്ചെത്തിയത്. ഈ സന്ദർശനം ഒരു വിഡിയോയായി സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ചു. കോളജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രം നോക്കുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. വിഡിയോയ്‌ക്കൊപ്പം തന്റെ മഹാരാജാസ് ഓർമകളും താരം പങ്കുവയ്ക്കുന്നു.
‘എന്നെങ്കിലും ഒരിക്കൽ സിനിമാ ഷൂട്ടിങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളജ് ലൈബ്രറി. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്‌നാടനം ചെയ്യുകയും ചെയ്ത സ്ഥലം.
https://www.instagram.com/reel/CpK1eLxjqCC/?utm_source=ig_web_copy_link
ഒരു കൗതുകത്തിന് പഴയ കോളജ് മാഗസിനുകൾ അന്വേഷിച്ചു. നിറം പിടിച്ച ഓർമകളിലേക്ക് ആ ബ്ലാക്ക ആൻഡ് വൈറ്റ് അവർ എടുത്തു തന്നു. ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലായിരിക്കും എന്റെ കോളജ് മാഗസിനിൽ. ഒപ്പമുള്ളവർ ആവേശത്തോടെ ആ കാലത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കാലം മാറും കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരം.’’- മമ്മൂട്ടി പറയുന്നു.
ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മുഹമ്മദ് ഷാഫിയും, നടൻ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്.