വ്യാജ നഗ്നദൃശ്യങ്ങൾ ഉപയോഗിച്ച് നൂറിലേറെ സ്ത്രീകളെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

0

ന്യൂഡൽഹി ∙ വ്യാജ നഗ്നദൃശ്യങ്ങൾ ഉപയോഗിച്ച് നൂറിലേറെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. നഗ്നദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ദക്ഷിണ ഡൽഹി സ്വദേശിനിയിൽ നിന്നു പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് സുമിത് ഝാ (26) അറസ്റ്റിലായത്. സ്ത്രീകളെ കുടുക്കാൻ ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു.

യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കയറിയ ഇയാൾ, നഗ്നദൃശ്യങ്ങൾ പോസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ഡൽഹി സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

യുവതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രങ്ങളിൽ കൃത്രിമം കാട്ടി ഉണ്ടാക്കിയ നഗ്നചിത്രങ്ങൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പിനു ശ്രമിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നോയിഡ സ്വദേശിയായ ഇയാൾ ഛത്തിസ്ഗഡിൽ സമാന കേസുകളിൽ മുൻപ് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.