പങ്കാളിയുമായി വഴക്കിട്ടു; ദേഷ്യം തീർക്കാൻ പാമ്പിനെ കടിച്ചുപറിച്ച് യുവാവ്

0

പങ്കാളിയുമായി വഴക്കിട്ടു ദേഷ്യം മൂത്ത യുവാവ് വീട്ടിൽ അരുമയായി വളർത്തുന്ന പെരുമ്പാമ്പിന്റെ തലയിൽ കടിച്ചു. പാമ്പുകൾ മനുഷ്യരെ കടിക്കുന്നത് വാർത്തയല്ല, എന്നാൽ മനുഷ്യൻ പാമ്പിനെ കടിക്കുന്നത് പുതുമയാണ്. അതും സുഹൃത്തിനോടുള്ള ദേഷ്യത്തിന് വീട്ടിലെ വളർത്തുമൃഗമായ പെരുമ്പാമ്പിനെ കടിച്ചത് അപൂർവ്വതയാണ്. യുഎസ്സിലെ ഫ്ലോറിഡയിലാണ് വിചിത്രമായ സംഭവം. അതും ഒരു കടിയല്ല, ദേഷ്യം തീരുവോളം പാമ്പിനെ കടിച്ചുപറിച്ചു. കെവിൻ ജസ്റ്റിൻ മയോർഗ എന്ന മുപ്പത്തിരണ്ടുകാരനാണ് പാമ്പിനോട് കലി തീർത്തത്.

പൊലീസ് പറയുന്നത് അനുസരിച്ച് തിങ്കളാഴ്ച രാവിലെ 5.20 -നാണ് സംഭവം നടന്നത്. മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഒരു അപാർട്മെന്റ് കോംപ്ലക്സിൽ ഒരു വീട്ടിൽ എന്തോ വഴക്ക് നടക്കുന്നുണ്ട് എന്നായിരുന്നു റിപ്പോർട്ട്. പൊലീസ് എത്തിയപ്പോൾ വീട്ടിൽ ഒരു യുവാവും യുവതിയും പരസ്പരം ചീത്ത വിളിക്കുന്നതാണ് കേട്ടത്. അകത്ത് നിന്നും പൂട്ടിയിരുന്ന വാതിൽ ചവിട്ടി തുറന്നാണ് പൊലീസ് കയറിയത്.

വഴക്കുണ്ടാക്കുന്നത് തടയാനെത്തിയ പൊലീസിന് നേരെയും യുവാവ് അക്രമാസക്തനായി. ഒരു പൊലീസ് ഓഫീസറുടെ കണ്ണിൽ ഇടിച്ചു, കുറച്ച് പ്രയാസപ്പെട്ടാണ് പൊലീസ് ഇയാളെ കീഴടക്കിയത്. യുവതിയോടും പാമ്പിനോടും അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.