യുവാവിനെ അശ്ലീല സീരിസിൽ അഭിനയിപ്പിച്ചെന്ന കേസ്: സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

0

തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത (ശ്രീലാ പി.മണി) അറസ്റ്റിൽ. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഉദ്യോഗസ്ഥനു മുന്നിൽ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് നിർദേശം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്.

വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.