ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

0

ന്യൂയോർക്ക്: ബോളിവുഡ് നടൻ ഋതിക് റോഷനോടു കടുത്ത ആരാധന പ്രകടിപ്പിച്ചിരുന്ന ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ന്യുയോര്‍ക്കിലെ ക്വീന്‍സിലാണ് സംഭവം.

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് സംഭവം. ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചു.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും ഫ്ലാറ്റിന്റെ താക്കോൽ പൂച്ചട്ടിയ്ക്കടിയിൽ വച്ചിട്ടുണ്ടെന്നും ഇയാൾ ഭാര്യയുടെ സഹോദരിക്ക് ഫോണിൽ സന്ദേശമയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഭാര്യയുടെ മ‍ൃതദേഹത്തിനു സമീപം തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇവർ വിവാഹിതരായത്.

ഋതിക് റോഷനോടു കടുത്ത ആരാധനയായിരുന്നു ഡോണെയ്ക്ക്. ഋതിക് റോഷൻ അഭിനയിക്കുന്ന സിനിമയോ ഗാനമോ ഭാര്യ കാണുന്നതിൽ അസൂയാലുവായിരുന്ന ഇയാൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു.

വിവാഹത്തിനു രണ്ടാഴ്ചയ്ക്കു ശേഷം ഇയാൾ ഭാര്യയെ കയ്യേറ്റം ചെയ്തിരുന്നു. ഭാര്യയെ മർദിച്ചതിന് ഓഗസ്റ്റിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും തുടർന്ന് ഡോണെയ്ക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. ഇയാൾ തുടർച്ചയായി മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി സുഹൃത്തുകളോട് ഡോണെ പറഞ്ഞിരുന്നു.

ഇയാളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതിനെ തുടർന്ന് മാറിതാമസിക്കാൻ ഡോണെ തയാറെടുത്തെങ്കിലും നിർബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു. പിന്നാലെയാണ് ദൂരുണമായ സംഭവം.