ഫിലിപ്പീന്‍സില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആളെ വെടിവെച്ചുകൊന്നു

0

മനില: ഫിലീപ്പിന്‍സില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുകയും ആരോഗ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ വെടിവെച്ചു കൊന്നു. 63 വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗുസാൻ ഡെൽ നോർത്തെയുടെ തെക്കൻ പ്രവിശ്യയായ നാസിപിറ്റിലാണ് സംഭവം.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ ഇയാൾക്ക് ആരോഗ്യപ്രവർത്തകൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇയാൾ ആരോഗ്യപ്രവർത്തകനോട് തട്ടിക്കയറുകയും മൂർച്ചയേറിയ ആയുധംകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പോലീസുകാരൻ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തൊട്ടുപിന്നാലെ ഇതേ പോലീസുകാരൻ തന്നെയാണ് 63 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

രാജ്യത്ത് നിയന്ത്രണങ്ങൾ പാലിക്കാത്തവരെയും ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവരെയും വെടിവെച്ച് കൊല്ലാൻ ദിവസങ്ങൾക്ക് മുമ്പ് ഫിലീപ്പീൻസ് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.