മാനസ കൊലക്കേസ്: രഖിലിന് തോക്ക് നല്‍കിയ സോനു മോദി ബിഹാറിൽ പിടിയില്‍

0

കൊച്ചി: മാനസയെ വെടിവെച്ച് കൊലപ്പെടുത്താന്‍ രഖില്‍ ഉപയോഗിച്ച തോക്ക് കൈമാറിയയാളെ പിടികൂടി ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ബിഹാറില്‍ നിന്ന് അതിസാഹസികമായാണ് കേരള പോലീസ് ഇയാളെ പിടികൂടിയത്. ബിഹാര്‍ പോലീസിന്റേയും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റേയും സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഇയാളുടെ അറസ്റ്റ്. ബിഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയതിനാല്‍ വിശദമായ ചോദ്യംചെയ്യലിനായി ഇയാളെ കേരളത്തിലേക്ക് കൊണ്ട് വരും.

അതിസാഹസികമായിട്ടാണ് കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സോനുവിനെ പിടികൂടിയത്. രഖില്‍ ബിഹാറില്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് ഇയാളുടെ ചില സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെ ബിഹാറിലെത്തി സോനുവിനെ പിടികൂടാൻ ശ്രമിച്ച കേരള പോലീസ് സംഘത്തിന് നേരെ അയാളുടെ കൂട്ടാളികള്‍ ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ബിഹാര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

ബിഹാറിലെത്തിയ ശേഷം രഖില്‍ ഒരു ടാക്‌സി ഡ്രൈവര്‍ വഴിയാണ് സോനുവിലേക്ക് എത്തിയത്. തോക്ക് വില്‍പ്പന കേന്ദ്രങ്ങളെ കുറിച്ച് രഖിലിന് വിവരങ്ങള്‍ നല്‍കിയതും ടാക്‌സി ഡ്രൈവറാണ്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.