പത്തനംതിട്ടയിൽ ശവസംസ്‌കാരം നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോള്‍ പരേതൻ തിരിച്ചെത്തി!

0

പത്തനംതിട്ട: മൂന്ന് മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചെന്ന് കരുതി ശവസംസ്കാരം നടത്തിയ ആൾ തിരിച്ചെത്തി. പത്തനംതിട്ട പന്തളം കുടശ്ശനാട്, പൂഴിക്കാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെ മകൻ സക്കായി എന്നു വിളിക്കുന്ന സാബു(35)വിനെയാണ് മൂന്ന് മാസത്തിനുശേഷം സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുവന്നത്. സാബുവിനെ കായംകുളത്ത് കണ്ടെത്തിയതോടെ ഇടപ്പാടി കോട്ടവഴിയിൽ അപകടത്തിൽ മരിച്ചതാരെന്ന് പൊലീസ് വീണ്ടും അന്വേഷിക്കും.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ പാലാ ഇടപ്പാടിയിൽ വാഹനമിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെയാണ് സാബുവെന്നു തെറ്റിദ്ധരിച്ച് സംസ്കരിച്ചത്. പാലാ പൊലീസ് സ്റ്റേഷനിൽ നിന്നാണ് 26ന് അപകടവിവരം വിളിച്ചു പറഞ്ഞതെന്ന് സാബുവിന്റെ സഹോദരൻ സജി പറയുന്നു. പാലായിലെത്തിയ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതു തന്നെയെന്നു ‘തിരിച്ചറിഞ്ഞു’. സാബുവിന് മുൻ ഭാഗത്തെ 3 പല്ലുകൾ ഇല്ലായിരുന്നു. മൃതദേഹത്തിലും ഇങ്ങനെ തന്നെയായിരുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

മൃതദേഹത്തിൽനിന്നു ഡിഎൻഎ സാംപിൾ ശേഖരിച്ചെങ്കിലും പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെത്തിച്ച മൃതദേഹം കുടശനാട് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ സംസ്കരിച്ചു. ഇതിനിടെയാണ് ഇന്നലെ രാവിലെ 8ന് കായംകുളം ബസ് സ്റ്റാൻഡിൽ വച്ച് ബസ് ഡ്രൈവറായ മുരളീധരൻ നായർ സാബുവിനെ കാണുന്നത്. ഇദ്ദേഹം ഓടിച്ചിരുന്ന ബസിൽ വർഷങ്ങൾക്കു മുൻപ് സാബു ജോലി ചെയ്തിരുന്നു. മുരളീധരൻ നായരാണ് ‘മരണ വിവരം’ സാബുവിനെ അറിയിക്കുന്നത്.

ഡിസംബർ 26-ന് പാലായിലെത്തിയ സഹോദരൻ സജിയും ബന്ധുക്കളും മൃതദേഹം സാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു സംശയവും ഇല്ലായിരുന്നെന്ന് സഹോദരൻ സജി പറഞ്ഞു. പോലീസ് നടപടിക്കും പോസ്റ്റുമോർട്ടത്തിനുംശേഷം മൃതദേഹം 30-ന് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. 84 ദിവസത്തിനുശേഷം വെള്ളിയാഴ്ച രാവിലെയാണ് സാബു തിരിച്ചുവന്നത്.

സാബുവിനെ കായംകുളത്ത് കണ്ടെത്തിയതോടെ ഇടപ്പാടി കോട്ടവഴിയിൽ അപകടത്തിൽ മരിച്ചതാരെന്ന് പൊലീസ് വീണ്ടും അന്വേഷിക്കും. മൃതദേഹത്തിന്റെ ആന്തരാവയവങ്ങളുടെ സാമ്പിൾ ഡി.എൻ.എ. പരിശോധനയ്ക്കായി മൂന്നുമാസംമുമ്പ് ശേഖരിച്ചിരുന്നു. ഇതുവെച്ച്, മരിച്ചയാളെ കണ്ടെത്താനാകുമെന്നാണ് പോലീസിസിന്റെ പ്രതീക്ഷ. അപകടത്തിനുമുമ്പ്, പാലായിൽ കാണാതായവരുടെ ലിസ്‌റ്റ് പരിശോധിക്കുമെന്നും പാലാ പോലീസിന് റിപ്പോർട്ട് നൽകുമെന്നും അടൂർ ഡിവൈ.എസ്.പി. ബി.വിനോദ് പറഞ്ഞു.