മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി; ബെൽസ് പാൾസി: രോ​ഗ വിവരം പങ്കുവച്ച് നടൻ മനോജ്

0

തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി നടൻ മനോജ് കുമാർ. ബെല്‍സ് പാള്‍സി എന്ന രോ​ഗമാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് മനോജ് പറയുന്നു. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ‌പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാ​ഗം കോടിപ്പോയെന്ന് മനോജ് പറയുന്നു.

നവംബറിലാണ് മനോജിന് അസുഖം ബാധിക്കുന്നത്. അസുഖത്തെക്കുറിച്ച് ബോധവത്കരണം എന്ന രീതിയിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് മനോജ് പറയുന്നു. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാൽ ആരും ഭയപ്പെടരുത്, മരുന്നെടുത്താല്‍ വേഗം മാറും. താൻ ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് പറയുന്നു.

മനോജിന്റെ വാക്കുകൾ

ഈ അസുഖത്തിന്റെ പേര് ബെല്‍സ് പാള്‍സി. ഇതേപറ്റി ഞാൻ അറിയുന്നത് കഴിഞ്ഞ നവംബർ 28നാണ്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി.

ബീനയോട് പറഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വീഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. എന്റെ പ്രശ്നങ്ങളെല്ലാം പറഞ്ഞു. ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോൾ എംആര്‍ഐ എടുത്തു നോക്കാൻ പറഞ്ഞു. തലയില്‍ വേറെ പ്രശ്‌നമൊന്നും ഇല്ലെന്നറിഞ്ഞു. ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങെയൊക്കെ ചെയ്തത്. ബെല്‍സ് പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി.

ഈ വീഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഇതിനെക്കാൾ ഭീകരമായിരുന്നു തുടക്കക്കാലത്ത്. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. എ സി ഡയറക്ട് ആയി നമ്മുടെ മുഖത്തടിക്കുക, ഫുൾടൈം എ സിയിൽ ജോലി ചെയ്യുന്നവർ, അതൊക്കെ വളരെ അപകടകരമാണ്. അത് നിങ്ങൾ ശ്രദ്ധിക്കണം. ആർക്കും വരാവുന്ന ഒരു രോ​ഗമാണ്. വന്നാലും പേടിക്കരുത്.

ഇതൊക്കെ ഈശ്വരന്‍റെ കുസൃതികള്‍ ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കൊച്ചു കുട്ടികളോട് നമ്മള്‍ കാണിക്കുമ്പോലെ ദൈവം എന്നോട് ഒരു കുസൃതികാണിച്ചു. വേറെ ഒന്നമുമില്ല. ഇതൊക്കെ മാറിക്കോളും.