‘ലോകത്തിൽ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി’?; ഈ ഒരൊറ്റ ചോദ്യത്തിനുള്ള ഉത്തരം നല്‍കി മാനുഷി നടന്നു കയറിയത് ലോകസുന്ദരി പട്ടത്തിലേക്ക്

0

ലോക സുന്ദരിപ്പട്ടം 17 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേത്തിച്ച മാനുഷി ചില്ലർ സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, ബുദ്ധിശക്തിയുടെ കാര്യത്തിലും മുന്നില്‍ തന്നെ.  മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. അവസാന റൗണ്ടിൽ മറ്റു സുന്ദരിമാർക്കൊപ്പം എത്തിനിൽക്കെ ഉയർന്ന ചോദ്യത്തിന് മാനുഷി നൽകിയ ഉത്തരം ലോകത്തിന്റെ മൊത്തം കയ്യടി നേടുന്നതായിരുന്നു.

‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അർഹിക്കുന്ന ജോലി? എന്തുകൊണ്ട്?’ എന്ന അവസാന റൗണ്ടുകളിലൊന്നിലെ കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള  ഉത്തരമാണ് മാനുഷിയുടെ കിരീടനേട്ടത്തിലേക്കുള്ള വഴികാട്ടിയായത്. ‘അമ്മ’ എന്നായിരുന്നു അതിനുള്ള ഉത്തരം.‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായെന്നല്ല, സ്നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’– ഇതായിരുന്നു മാനുഷിയുടെ മറുപടി. പിന്നെ വിജയിയെ പ്രഖ്യാപിക്കാൻ വിധികർത്താക്കൾക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഹരിയാന സ്വദേശിയായ മാനുഷി ഇന്ത്യയിൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ കിരീട ജേതാവാണ്. അങ്ങനെയാണ് ലോക സുന്ദരിപ്പട്ടത്തിനായുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും.  പാർവതി ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു മാനുഷിക്ക് ഉൾപ്പെടെ പരിശീലനം നൽകിയത്. ഇതിന്റെ മികവിൽ അനായാസം ഇന്ത്യൻ സുന്ദരിപ്പട്ടം നേടുകയായിരുന്നു മാനുഷി.

17 വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ലോകസുന്ദരിപട്ടം മാനുഷി ചില്ലറിലൂടെ വീണ്ടും ഇന്ത്യയിലെത്തിയിരിക്കുന്നു.  കാര്‍ഡിയാക് സര്‍ജനാകാന്‍ ആഗ്രഹിച്ച് പഠനം തുടങ്ങിയതെങ്കിലും 2017 ലെ ലോക സുന്ദരി പട്ടമാണ് ആദ്യം മാനുഷിയെ കാത്തിരുന്നത്. ഇന്ത്യയിലെ 29 പേരില്‍നിന്ന് ഒന്നാമതായെത്തിയ മാനുഷി ഇന്ന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരി പട്ടം നേടിയത്.

പ്രിയങ്ക ചോപ്രയായിരുന്നു ഇന്ത്യയില്‍നിന്നുള്ള അവസാന ലോക സുന്ദരി.  2000 ല്‍ യുകെയില്‍ നടന്ന മത്സരത്തിലാണ് പ്രിയങ്ക പുരസ്കാരം നേടിയത്. പിന്നീട് മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നെങ്കിലും ലോകസുന്ദരി പട്ടം രാജ്യത്തെത്തിയിരുന്നില്ല.>1966ൽ റീത്ത ഫാരിയയാണ് ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. അതിനു ശേഷം ഐശ്വര്യ റായ്(1994), ഡയാന ഹെയ്ഡൻ(1997), യുക്താമുഖി (1999), പ്രിയങ്ക ചോപ്ര(2000) എന്നിവർ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചു.

അറുപത്തിയേഴാമത് മിസ് വേൾഡ് കിരീടമാണ് മാനുഷി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർ‌ട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. കുടുംബാംഗങ്ങളെ ഉൾപ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം. ഡോക്ടർമാരാണ് മാനുഷിയുടെ മാതാപിതാക്കൾ. ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവിൽ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്.