നോര്‍വിച്ചില്‍ സ്രാമ്പിക്കല്‍ പിതാവിന്‍റെ അജപാലന സന്ദര്‍ശനവും,സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ശനിയാഴ്ച.

0

നോര്‍വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ നോര്‍വിച്ചില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ അജപാലന സന്ദര്‍ശനം നടത്തുന്നു.നവംബര്‍ 19 നു ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക്  ഇടവക ആഘോഷ വേദിയായ ബ്ലൂവെല്‍ റോഡിലുള്ള ‘സിറ്റി അക്കാദമി’യില്‍ എത്തിച്ചേരുന്ന പിതാവിന്  സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഊഷ്‌മള സ്വീകരണം അരുളും.തുടര്‍ന്ന് അഭിവന്ദ്യ ശ്രാമ്പിക്കല്‍ പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹ ബലി അര്‍പ്പിക്കപ്പെടും.ചാപ്ലിന്‍ ഫാ.ടെറിന്‍ സഹകാര്‍മികത്വം വഹിക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പിതാവ് സന്ദേശം നല്‍കുന്നതുമായിരിക്കും.

സ്രാമ്പിക്കല്‍ പിതാവിന്‍റെ അജപാലന സന്ദര്‍ശന വേളയില്‍ സണ്ടേ സ്‌കൂള്‍ വാര്‍ഷികവും ആഘോഷിക്കുന്നതാണ്.വിശുദ്ധ ഗ്രന്ഥം ആസ്പദമാക്കി നാട്യ-നടന-ഗാന ആവിഷ്ക്കാരങ്ങളിലൂടെ  സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വിശ്വാസ ദീപ്തി പ്രോജ്ജ്വലിപ്പിക്കുന്ന മികവുറ്റ കലാപരിപാടികളും വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആചരിച്ചു പോരുന്ന കരുണാവര്‍ഷത്തിന്‍റെ പരിസമാപ്തിയില്‍ സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന ശ്രേഷ്‌ഠനും സുവിശേഷ പ്രഘോഷകനും,ദൈവ ശാശ്ത്ര പണ്ഡിതനുമായ മഹാ ഇടയന്‍ മാര്‍ ജോസഫ് ശ്രാമ്പിക്കലിന്‍റെ മഹനീയ സാന്നിദ്ധ്യത്തെയും  അനുഗ്രഹീത തിരുക്കര്‍മ്മങ്ങളെയും വലിയ വിശ്വാസ നിറവോടെ പ്രാര്‍ത്ഥനാനിര്‍ഭരം കാത്തിരിക്കുകയാണ് നോര്‍വിച്ചിലെ വിശ്വാസി സമൂഹം.

അഭിവന്ദ്യ പിതാവ് സഭാ മക്കളുമായി സ്നേഹ സംവാദം നടത്തുവാനും തഥവസരം ഉപയോഗിക്കുന്നതാണ്.ഇടവക ആഘോഷത്തിന്‍റെ ഭാഗമായി സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്.

മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ പിതാവിന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളിലേക്കും,മതബോധന പരിശീലന ക്ലാസ്സിന്‍റെ വാര്‍ഷിക ആഘോഷത്തിലേക്കും എല്ലാ വിശ്വാസികളെയും പാരീഷ് കമ്മിറ്റി  സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ട്രസ്റ്റി, സനു ജോര്‍ജ്ജ് (07779222171)