മരട് ഫ്ലാറ്റുകൾ നാമാവശേഷമാകാൻ ഇനി മണിക്കൂറുകൾ മാത്രം; ആദ്യ സ്ഫോടനം 11 മണിക്ക്

0

കൊച്ചി: മരടിൽ സുപ്രീം കോടതി പൊളിച്ച് മാറ്റാൻ ഉത്തരവിട്ട നാല് ഫ്ലാറ്റുകളിൽ രണ്ടെണ്ണം ഇന്ന് സ്ഫോടനത്തിലൂടെ തകർക്കും. ഹോളിഫെയ്ത്ത്, ആൽഫ ഫ്ലാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ഫ്ലാറ്റ് പൊളിക്കലിന്‍റെ സമയക്രമത്തില്‍ മാറ്റമില്ലെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാർ അറിയിച്ചു. പൊളിക്കലിന് കരാറെടുത്ത കമ്പനിയുടെ പൂജ നടന്നു. മരട് ഫ്ലാറ്റുകള്‍ 100 ശതമാനം സുരക്ഷിതമായി വീഴ്ത്താന്‍ കഴിയുമെന്ന് എഡിഫൈസ് എം.ഡി ഉത്കര്‍ഷ് മേത്ത പറഞ്ഞു.

മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി മൂന്നു സൈറണുകള്‍ മുഴങ്ങും. 10.30നാണ് ആദ്യ സൈറൺ,10.55 ന് രണ്ടാം സൈറണ്‍, 10.59ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതിന് പിന്നാലെ എച്ച്ടുഒയില്‍ സ്ഫോടനം നടക്കും. അതേസമയം, രാവിലെ എട്ടുമണി മുതൽ സ്ഫോടനം നടത്തുന്ന ഫ്ലാറ്റുകൾക്ക് ചുറ്റും 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ. ഒമ്പത് മുതൽ ഫ്ളാറ്റിന് സമീപമുള്ള താമസക്കാരെ ഒഴിപ്പിക്കും. ഇതിനായി പ്രത്യേക ബസുകൾ ഏർപ്പാടാക്കി. പത്ത് ഫയർ എൻജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്ലാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിറുത്തും. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും ഉണ്ടാകും.

ഫ്ലാറ്റിന് 200 മീറ്റർ ചുറ്റളവിൽ പൊളിക്കൽ ചുമതലയുള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. വായുവിലൂടെയും കരയിലൂടെയും വെള്ളത്തിലൂടെയും ഒരു ഗതാഗതവും ആ സമയത്ത് അനുവദിക്കില്ല. സുരക്ഷ ഒരുക്കാനും കാണാനെത്തുന്നവരെ നിയന്ത്രിക്കാനുമായി ഒരു ഫ്ലാറ്റിന് 800 എന്ന കണക്കിൽ 1600 പൊലീസുകാരെ വിന്യസിക്കും. സ്ഫോടനത്തിന് മുമ്പ് പൊലീസ് സമീപത്തെ വീടുകൾ സന്ദർശിച്ച് എല്ലാവരും ഒഴിഞ്ഞു പോയെന്ന് ഉറപ്പ് വരുത്തും.