‘മരക്കാർ’ തീയേറ്ററിലേക്കില്ല: റിലീസ് ഒടിടിയിൽ

0

കൊച്ചി: മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേംബർ. തീയേറ്റർ ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയില്‍ എത്താനായില്ലെന്നും ചർച്ചകൾ വിഫലമായെന്നും ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ വ്യക്തമാക്കി. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു.

ഫിലിം ചേംബർ പ്രതിനിധികളും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ സംബന്ധിച്ച് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തീയേറ്ററുടമകള്‍ അംഗീകരിച്ചില്ല.

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്റണിപെരുമ്പാവൂരും വ്യക്തമാക്കി. തിയറ്ററിൽ റിലീസ് നടക്കാത്തതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ സിനിമ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കു പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാലിന്റെയും പ്രിയദർശന്റെയും അടക്കം എല്ലാവരുടെയും നിർദേശം കേട്ട ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

തിയേറ്റര്‍ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാമെന്ന് തിയേറ്ററുടമകള്‍ ആന്റണിയോട് വ്യക്തമാക്കിയിരുന്നു. പണം ഡിപ്പോസിറ്റായി നല്‍കാന്‍ തയ്യാറാണെന്ന് തിയേറ്ററുടമകള്‍ സമ്മതിച്ചു. എന്നാല്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. അത്രയും തുക നല്‍കാനാവില്ലെന്ന് തിയേറ്ററുടമകള്‍ പറഞ്ഞു. തുടര്‍ന്ന് ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ചയും പരാജയമായി.

100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.