മറിയം ത്രേസ്യയെ ഇന്ന് വിശുദ്ധയായി പ്രഖ്യാപിക്കും; വത്തിക്കാനിൽ ഒരുക്കങ്ങൾ പൂർത്തിയായി

0

വത്തിക്കാന്‍ സിറ്റി: തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു പ്രഖ്യാപിക്കും. പ്രഖ്യാപനം ആഘോഷമാക്കാൻ തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ തീർത്ഥാടന കേന്ദ്രത്തിലും ,ജന്മനാടായ പുത്തൻചിറയിലും ഒരുക്കങ്ങൾ പൂർത്തിയായി.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഇന്ത്യന്‍ സമയം 1.30 നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, സിസ്റ്റര്‍ മാര്‍ഗിരിറ്റ ബേയ്‌സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിക്കും. മറിയം ത്രേസ്യ ഇന്ത്യയില്‍ നിന്നുളള അഞ്ചാമത്തെ വിശുദ്ധയാണ്.

ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിയ്ക്കാൻ ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറ മ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും വത്തിക്കാനിൽ എത്തിക്കഴിഞ്ഞു. മറിയം ത്രേസ്യയുടെ തിരുശ്ശേഷിപ്പുകൾ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി അൾത്താരയിൽ പ്രതിഷ്ഠിക്കും. പിന്നീട് ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ മറിയം ത്രേസ്യയുൾപ്പെടെ അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കും.

മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുടയുടെ രൂപതാ അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടനും തിരുകർമ്മങ്ങളിൽ പങ്കെടുക്കും.കൂടാതെ വൈദികർ, ഹോളി ഫാമിലി കോൺഗ്രിഗേഷനിൽ നിന്നടക്കമുള്ള നിരവധിയായ സന്യസ്തർ , മലയാളി വിശ്വാസിസമൂഹം തുടങ്ങി ആയിരക്കണക്കിന് പേർ ചടങ്ങ് കാണാൻ റോമിലെത്തിയിട്ടുണ്ട്.

വൈദികരെ കൂടാതെ ടി എൻ പ്രതാപൻ, മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ നിന്നുള്ളവരും വത്തിക്കാനിലെത്തിയിട്ടുണ്ട്. റോമിൽ എത്തിയ ഇന്ത്യൻ സംഘത്തിന്റെ തലവൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ്. മാർപാപ്പയുമായി മുരളീധരൻ ഇന്ന് കൂടിക്കാഴ്ച നടത്തും.

ത‍ൃശൂര്‍ ജില്ലയിലെ മാളക്കടുത്ത് പുത്തന്‍ ചിറയില്‍ 1876 ഏപ്രില്‍ 26 നാണ് മറിയം ത്രേസ്യയുടെ ജനനം.തോമ -താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി ജനിച്ച മറിയം ത്രേസ്യ  അഞ്ചാം വയസ്സില്‍ സ്വയം തീരുമാനിച്ചു ക്രിസ്തുവിന്റെ പീഢകള്‍ സ്വയം ഏറ്റുവാങ്ങാന്‍. 1904 ഡിസംബര്‍ എട്ടിന് മറിയം ത്രേസ്യ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. സഹായം ആവശ്യമുളള കുടുംബങ്ങളെ കണ്ടെത്തി മറിയം ത്രേസ്യയും കൂട്ടുകാരികളും വീടുകളിൽ കയറിയിറങ്ങി സഹായിച്ചു.

1903ൽ ആണ് ന്യാസിയാകാൻ താൽപര്യമുണ്ടെന്നും ഏകാന്തമായി പ്രാര്‍ത്ഥിക്കാൻ ഒരു ഭവനം വേണമെന്നുളള ആവശ്യവുമായി മറിയം ത്രേസ്യ ഇടവക വികാരിയായിരുന്ന ഫാദര്‍ ജോസഫ് വിതയത്തിലിനെ സമീപിച്ചു. 1913ല്‍ സഭയുടെ അനുമതിയോടെ തൃശൂര്‍ പുത്തൻചിറയില്‍ ഏകാന്തഭവനം സ്ഥാപിച്ചു. പിന്നീട് 1914 മെയ് 14ന് ഹോളി ഫാമിലി സന്യാസിനി സഭ സ്ഥാപിച്ചു.

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് മറിയം ത്രേസ്യ. യുവതികള്‍ക്ക് ക്രിസ്തീയ വിദ്യാഭ്യാസം, രോഗികളെയും മരണാസന്നരെയും ശുശ്രൂഷിക്കല്‍, പ്രാര്‍ത്ഥന, ധ്യാനം ഇവയായിരുന്നു സന്യാസിനി സമൂഹത്തിന്റെ ലക്ഷ്യം.

ജീവിതകാലത്ത് പ്രത്യേക പ്രാര്‍ത്ഥന, ആത്മീയ അനുഭവങ്ങള്‍ മറിയം ത്രേസ്യയില്‍ ഉണ്ടായിരുന്നു. കുടുംബങ്ങളുടെ മധ്യസ്ഥ എന്നാണ് മറിയം ത്രേസ്യ അറിയപ്പെട്ടിരുന്നത്. 1926 ജൂണ്‍ എട്ടിനാണ് മറിയം ത്രേസ്യയുടെ മരണം.

മറിയം ത്രേസ്യയുടെ കബറിടത്തില്‍  പ്രാർത്ഥിക്കുന്നവര്‍ക്ക് ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് 1981 ന് മാര്‍ ജോർജ് കുണ്ടുകുളത്തിൻറെ നേതൃത്വത്തില്‍ കല്ലറ തുറന്നു. അതില്‍ ഏതാനും പൂജ്യാവശിഷ്ടങ്ങളുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 1973 ഒക്ടോബര്‍ 5ന് ദൈവദാസി മറിയം ത്രേസ്യയായി. തുടർന്ന് 1999 ജൂണ്‍ 28ന് ധന്യമറിയം ത്രേസ്യയായി നാമകരണം ചെയ്തു. ഇരുകാലുകളിലും മുടന്തുളള അമ്മാടം സ്വദേശി മാത്യുവിനെ സുഖപ്പെടുത്തിയതിലൂടെ 2000 ഏപ്രില്‍ 9ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

തുടർന്ന് മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് വെച്ചുള്ള പ്രാര്‍ത്ഥനയിലൂടെ, ഡോക്ടര്‍മാര്‍ മരണം വിധിച്ച ക്രിസ്റ്റഫര്‍ എന്ന കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നെന്ന അല്‍ഭുത പ്രവൃത്തി വിലയിരുത്തിയാണ് മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം.