ഭൂമിയുടെ കേന്ദ്രത്തിനോട് ചേർന്ന് കൂറ്റൻ സമുദ്രം കണ്ടെത്തി ശാസ്ത്രജ്ഞർ

0

ബഹിരാകാശത്തു നിന്നും പകർത്തുന്ന ചിത്രങ്ങളിൽ മറ്റ് ഏതൊരു ഗ്രഹത്തെക്കാളും നമ്മുടെ ഗ്രഹം കൂടുതൽ നീല നിറത്തിലാണ് കാണുന്നത്. അതിനു നമുക്ക് ജലത്തിന് നന്ദി പറയാം. പ്രത്യേകിച്ചും മറ്റ് ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭൂമിയുടെ ഉപരിതലത്തിന്റെ 71% വെള്ളത്താൽ പൊതിഞ്ഞതാണ്. വെള്ളം ജീവന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഒരു അന്താരാഷ്ട്ര പഠനം ഭൂമിയിലെ ജലത്തിന്റെ പ്രാധാന്യത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഭൂമിയിലെ ജലചക്രത്തിൽ ഗ്രഹത്തിന്റെ ഉൾഭാഗങ്ങളും ഉൾപ്പെടുന്നതായി ഈ അന്താരാഷ്ട്ര പഠനം കണ്ടെത്തിയതായാണ് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നത്.

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ഗോഥെ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോസയൻസസിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് നിർണായകമായേക്കാവുന്ന പുതിയ കണ്ടെത്തലിന് പിന്നിൽ. രാമൻ സ്പെക്ട്രോസ്കോപ്പിയും എഫ്ടിഐആർ സ്പെക്ട്രോമെട്രിയും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 660 മീറ്റർ താഴെ രൂപപ്പെട്ട ഒരു അപൂർവ വജ്രം വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലേക്ക് ഇവർ എത്തിച്ചേർന്നത്. ഭൂമിയുടെ മുകളിലും താഴെയുമുള്ള ആവരണങ്ങൾക്കിടയിലുള്ള സംക്രമണ മേഖലയിൽ “ഗണ്യമായ അളവിൽ വെള്ളം” അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഏറെക്കാലമായി ഒരു സിദ്ധാന്തം മാത്രമായി നിലനിന്നിരുന്ന കാര്യമാണ് ഇപ്പോൾ സ്ഥിരീകരിച്ചത്.

ആഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്നുള്ള അപൂർവ വജ്രത്തെക്കുറിച്ചുള്ള പഠനമാണ് ഈ വലിയ ഭൗമ ശാസ്ത്ര സത്യത്തിലേക്ക് വഴി തുറന്നത്. സംക്രമണ മേഖലയ്ക്കും താഴത്തെ ആവരണത്തിനും ഇടയിലുള്ള അതിരിലാണ് വജ്രം രൂപപ്പെട്ടത്. അത് 660 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായിരുന്നത്. ഇതിൽ ഉയർന്ന ജലാംശം പ്രദർശിപ്പിച്ചിരുന്നു. ഭൂമിക്കുള്ളിൽ ഒരു സമുദ്രം ഉണ്ടാകാമെന്ന ജൂൾസ് വെർണിന്റെ ആശയത്തിലേക്ക് ശാസ്ത്രജ്ഞരെ അടുപ്പിച്ചതിനാൽ ഈ കണ്ടെത്തൽ പ്രധാനമാണെന്ന് ഫ്രാങ്ക്ഫർട്ട് ഗോഥെ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജിയോസയൻസസിലെ പ്രൊഫസർ ബ്രെങ്കർ വിശദീകരിച്ചു.