മാസ്റ്റര്‍ മണി ഇനി അനുമോളുടെ നായകന്‍

0

മാസ്റ്റര്‍ മണിയെ ഓര്‍മയില്ലേ? ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കയ്യില്‍ തൂങ്ങി നടന്ന ആദിവാസി ബാലന്‍. മണി ഇപ്പോള്‍ മാസ്റ്റര്‍ മണിയല്ല.രണ്ടു കുട്ടികളുടെ അച്ഛനാണ്.

12വര്‍ഷങ്ങള്‍ക്കു ശേഷം മണി വീണ്ടും ക്യാമറയുടെ മുന്നിലെത്തുകയാണ്. അതും നായകനായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്‌സ് ഡിലമ നിര്‍മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയായ ഉടലാഴത്തിലൂടെയാണു മണി സിനിമയിലേക്കു രണ്ടാമതു ചുവടുവയ്ക്കുന്നത്. നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറു നാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്.

ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പെരുമാറ്റമാണു പ്രമേയം. പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവയുടെ കാന്‍വാസിലാണു സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണന്‍ ആവള, ഉടലാഴം ഒരുക്കുന്നത്. ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. അനുമോളാണു നായിക.