ഇന്ന് പെസഹ വ്യാഴം

യേശു ക്രിസ്തു ശിഷ്യന്മാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ അത്താഴത്തിന്‍റെ സ്മരണയ്ക്കായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും.

ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

ക്രിസ്തുദേവൻ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മയിലാണ് പെസഹ ആചരിക്കുന്നത്. അന്ത്യ അത്താഴവേളയിൽ അപ്പവും വീഞ്ഞും പകുത്തു നൽകി യേശു വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുൻ‌പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുർബ്ബാനയോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.