മലേഷ്യയില്‍ തൊഴിലുടമയുടെ പീഡനത്തിനിരയായ ഹരിദാസിന്റെ ചികിത്സ ഏറ്റെടുത്ത് മമ്മൂട്ടി

0

ആലപ്പുഴ: മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയം.

ഗുരുതരമായി പൊള്ളലേറ്റ ഹരിദാസിന്റെ എല്ലാ ചികിത്സാ ചിലവും സ്ഥാപനം ഏറ്റെടുക്കുമെന്ന് ഡയറക്ടര്‍ ഡോ.കെ ജ്യോതിഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യം ഡോ. ജ്യോതിഷ് കുമാർ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം.

ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് ജ്യോതിഷ് ഹരിദാസിന്റെ കുടുംബത്തെ അറിയിച്ചു. നോര്‍ക്ക ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഹരിദാസിന്റെ വീട്ടില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് നോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള അപേക്ഷ ഹരിദാസില്‍ നിന്നും പൂരിപ്പിച്ചു വാങ്ങി.