സ്വാശ്രയ മെഡിക്കൽ കോളേജ് ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ഹൈക്കോടതി ഉത്തരവ്

0

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജുമെന്‍റുകൾ നല്കിയ ഹർജി അംഗീകരിച്ച് ഹൈക്കോടതി. മുൻ ഫീസ് ഘടന പുതുക്കി നിശ്ചയിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന് ഹൈക്കോടതിയുടെ നിർദ്ദേശം. രണ്ടു മാസത്തിനുള്ളിൽ ഫീസ് ഘടന നിശ്ചയിക്കണമെന്ന് കമ്മിറ്റിയ്ക്ക് കോടതി നിർദ്ദേശം നൽകി. അതു വരെ നിലവിലെ ഫീസ് തുടരും. ഇതോടെ എം.ബി.ബി.എസ് ഫീസ് വർധിച്ചേക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നതാണ് കോടതി ഉത്തരവ്. 2017-18 വർഷത്തിൽ കുറഞ്ഞ ഫീസിൽ പ്രവേശനം നേടിയ സംസ്ഥാനത്തെ 21 കോളേജുകളിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ ഫീസ് നൽകേണ്ടി വരും എന്നാണ് പുതിയ ഉത്തരവ്. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച 4.85 മുതൽ 5.65 വരെ യുള്ള ഫീസ് ഘടന പര്യാപ്തമല്ലെന്നും 11 മുതൽ 15 ലക്ഷം വരെ ഫീസ് വർദ്ധിപ്പിക്കണമെന്നും ആണ് മാനേജുമെന്‍റുകളുടെ ആവശ്യം. ഫീസ് വർദ്ധനയാവശ്യപ്പെട്ട് 21കോളേജുകളാണ് കോടതിയെ സമീപിച്ചത്.

നൂറിലേറെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഹരജിയിൽ കക്ഷി ചേർന്നിരുന്നു. ഫീസ് ഘടന നിശ്ചയിച്ച രാജേന്ദ്രബാബു കമ്മിറ്റിയിലെ അംഗങ്ങൾ എല്ലാവരും യോഗം ചേർന്നിരുന്നില്ലെന്ന മാനേജ്മെന്റ് വാദം ഡിവിഷൻ ബഞ്ച് അംഗീകരിച്ചു. പൂർണ കോറത്തോടെ രണ്ടു മാസത്തിനുള്ളിൽ കമ്മിറ്റി വീണ്ടും ചേർന്ന് വരവുചെലവുകൾ വിലയിരുത്തി ഫീസ് ഘടന പുനർ നിശ്ചയിക്കണം. അതു വരെ നിലവിലെ ഫീസ് തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.