പത്ത് വർഷങ്ങൾ നീണ്ട പ്രണയം…; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചിരഞ്ജീവി

0

പത്ത് വർഷങ്ങൾ നീണ്ടപ്രണയത്തിനൊടുവിൽ ഒരുമിച്ച് ജീവിച്ച് കൊതിതീരും മുൻപേ… മേഘ്നയെ തനിച്ചാക്കി ചിരഞ്ജീവി പോയി ഇനിയൊരിക്കലും മടങ്ങിവരാത്തിടത്തേക്ക്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.

കന്നഡ താരം ചിരഞ്ജീവി സർജയുടെ അകാല വിയോഗത്തിൽ നെഞ്ചുതകർന്നിരിക്കയാണ് തെന്നിന്ത്യൻ സിനിമാലോകം. തന്നിന്ത്യൻ താരം അർജുൻ സർജയുടെ മരുമകനും മലയാളികളുടെ പ്രിയനായിക മേഘ്ന രാജിന്റെ ഭർത്താവുമാണ് അന്തരിച്ച ചിരഞ്ജീവി സർജ.

10 വർഷത്തെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ 2018ലാണ് മേഘ്നയും ചീരു ഒന്നായത്. ക്രിസ്ത്യൻ മതാചാരപ്രകാരവുമായിരുന്നു വിവാഹം. മൂന്ന് മാസം ​ഗർഭിണിയാണ് മേഘ്ന. സംസ്കാര ചടങ്ങുകൾക്ക് ശേഷം ചിരഞ്ജീവിയുടെ ശവകുടീരത്തിലെത്തി മേഘ്ന അന്ത്യാഞ്ജലി അർപ്പിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മുൻകരുതലോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

അമ്മ പ്രമീളയാണ് ചിരഞ്ജീവിയെ ഒരു ചടങ്ങിനിടെ മേഘ്നയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് ഇരുവരും പ്രണയത്തിലായി. ആ ബന്ധം പത്ത് വർഷങ്ങൾ പിന്നിട്ടപ്പോൾ വിവാഹം കഴിച്ചു. ഈ കഴിഞ്ഞ് മെയ് 2 ന് ഇവരുടെ വിവാഹവാർഷികം ആയിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് വർഷങ്ങങ്ങൾ പൂർത്തിയായെന്നാണ് മേഘ്ന വിവാഹ വാർഷിക ദിനത്തിൽ കുറിച്ചത്. എന്നാൽ ഇവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല.

ചിരഞ്ജീവിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ പൊട്ടിക്കരയുന്ന മേഘ്‌നയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധധ്യമങ്ങളില്‍ ആകെയും പ്രചരിച്ചിരുന്നു. ഇരുവരുടേയും സ്‌നേഹബന്ധം അത്രമാത്രം ആഴത്തിലുള്ളതായിരുന്നുവെന്നും അപ്രതീക്ഷിതമായ വേര്‍പാടായതിനാല്‍ അത് വലിയ ആഘാതമാണ് മേഘ്‌നയിലുണ്ടാക്കിയതെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.

ഹൃദയസ്തംഭനമാണ് ചിരഞ്ജീവിയുടെ മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം.