ഓസ്‌ട്രേലിയയിലെ ഏറ്റവും ജനപ്രിയമായ കുതിരപ്പന്തയ മത്സരങ്ങളിലൊന്നാണ്  മെൽബൺ കപ്പ് . മെൽബണിലെ ഫ്ലെമിംഗ്ടൺ റേസ്‌കോഴ്‌സിലാണ് പ്രധാന റേസിംഗ് മത്സരങ്ങൾ നടക്കുന്നത്. അന്നേ ദിവസം ലക്ഷ കണക്കിന് ആളുകൾ ഫ്ലെമിംഗ്ടൺ റേസ്‌കോഴ്‌സിൽ കാണികളായി എത്തുന്നു. പ്രധാന മത്സരം ഫ്ലെമിംഗ്ടൺ റേസ്‌കോഴ്‌സിൽ നടക്കുമ്പോൾ ഓസ്‌ട്രേലിയയിലുടനീളമുള്ള റേസ് ട്രാക്കുകളിലെ സ്‌ക്രീനുകളിൽ ഇത് സംപ്രേഷണം ചെയ്യുന്നു. ലോകമെമ്പാടുമുള്ള 650 ദശലക്ഷം ആളുകൾക്ക് ഈ റേസിംഗ് മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്നു.

ആദ്യ  മെൽബൺ കപ്പ്  വിക്ടോറിയയിലെ ഫ്ലെമിംഗ്ടൺ റേസ്‌കോഴ്‌സിൽ നടന്നത്  1861 ൽ ആണ്‌. ഇപ്പോൾ  എല്ലാ വർഷവും മെൽബൺ കപ്പ് ദിനമായ നവംബറിലെ ആദ്യ ചൊവ്വാഴ്ച വിക്ടോറിയയിൽ ഒരു പൊതു  അവധി ദിവസമാണ്. ലോകത്തിലെ  തന്നെ ഏറ്റവും  സമ്പന്നമായ കുതിരയോട്ട മത്സരങ്ങളിൽ  ഒന്നായ ഈ മത്സരത്തിൽ ഏകദേശം എട്ട് ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ആണ് വിജയികൾക്കായി  കാത്തിരിക്കുന്നത്.  

മെൽബൺ കപ്പ് ദിനത്തിലെ  വസ്ത്രധാരണം  ഒരു പ്രത്യേക ആകർഷണം തന്നെയാണ്. ആൺ പെൺ ഭേദമന്യേ  മത്സരം കാണാൻ വരുന്ന എല്ലാവരും അവരുടെ ഏറ്റവും മികച്ചതും വർണ്ണാഭവും ആയ വസ്ത്രങ്ങൾ ധരിച്ചാണ് എത്താറുള്ളത്. ഒരു പക്ഷേ ഓസ്‌ട്രേലിയയിൽ  ഏറ്റവും കൂടുതൽ വാതുവെയ്പ്പ്  നടക്കുന്നതും ഈ മത്സരത്തിൽ ആയിരിക്കും, സ്ഥിരമായി വാതുവയ്പ്പ് നടത്താത്തവർ പോലും ഒരു ചെറിയ പന്തയം വെക്കുന്നത് സാധാരണമാണ്.

ഓസ്‌ട്രേലിയയിലുടനീളം സമാനമായ കുതിരപ്പന്തയ മൽസരങ്ങളുണ്ടെകിലും മെൽബൺ കപ്പ് ദിനം ഇപ്പോഴും രാജ്യത്തെ ഒന്നാം നമ്പർ കുതിരപ്പന്തയമാണ്.

ഈ വർഷത്തെ മെൽബൺ കപ്പ് മത്സരങ്ങൾ  നവംബർ അഞ്ചിന്ഫ്ലെമിംഗ്ടൺ റേസ്‌കോഴ്‌സിൽ നടത്തപെടും.