മെല്‍ബണിലും സമീപ പ്രദേശത്തുമുള്ള മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ കഴിഞ്ഞ 10 വര്‍ഷമായിട്ടുള്ള കാത്തിരിപ്പ് ഈ വരുന്ന ഒക്ടോബര്‍ 14,15 വെള്ളി, ശനി തീയതികളില്‍ 419, സെന്‍റര്‍ ഡാന്‍ഡനോങ്ങ് റോഡ്‌, ഹെതര്‍ട്ടനില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ദൈവാലയത്തിന്‍റെ വി. മൂറോന്‍ അഭിഷേക കൂദാശയോട് കൂടി സഫലമാകുകയാണ്.

മൂന്നു വിശുദ്ധ ത്രോണോസുകളോട് കൂടി 2015 ജൂണ്‍ മാസത്തില്‍ നിര്‍മ്മാണം ആരംഭിച്ച ദൈവാലയത്തിന്‍റെ ആദ്യ ഘട്ടം 450 പേര്‍ക്ക് ആരാധിക്കുവാന്‍ കാര്‍ പാര്‍ക്കോടുകൂടി പണി പൂര്‍ത്തിയായി വരികയാണ്. അനുബന്ധ ഓഫീസുകളും കമ്മ്യുണിറ്റി ഹാളും രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വി. ഗീവര്‍ഗിസ് സഹദായുടെ നാമധേയത്തില്‍ 2006-ല്‍ സ്ഥാപിതമായ ഇടവകയില്‍ 200-ല്‍ പരം കുടുംബാംഗങ്ങള്‍ ഉണ്ട്. വി. ദൈവമാതാവിന്‍റെയും ചാത്തുരുത്തിയില്‍ ഗ്രീഗോറിയോസ് തിരുമേനിയുടെയും നാമത്തിലാണ് മറ്റു രണ്ടു ത്രോണോസുകള്‍.

പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഓസ്ട്രേലിയ ന്യുസീലാന്‍ഡ്‌ ഭദ്രാസനത്തിന്‍റെ കീഴില്‍ സ്ഥലം വാങ്ങി പണിയുന്ന ആദ്യത്തെ ദൈവാലയമാണിത്. സെന്റ്‌ ജോര്‍ജ് ഇടവക മാതൃ ദൈവാലയമായി മെല്‍ബണ്‍ സിറ്റിയുടെ വടക്ക് പടിഞ്ഞാറായും തെക്ക് ഭാഗത്തായും സഭയ്ക്ക് രണ്ട് ഇടവകകള്‍ കൂടിയുണ്ട്. സത്യസുറിയാനി സഭയുടെ കറ കളഞ്ഞ അന്ത്യോഖ്യ മലങ്കര ബന്ധവും കടല്‍ കടന്നെത്തിയ മാര്‍ തോമ്മന്‍ പൈതൃകവും സമ്മേളിക്കുന്നിടമായി ദൈവാലയ കൂദാശ മാറുകയാണ്.

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരി. പത്രോസിന്‍റെ പിന്‍ഗാമി മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ആശീര്‍വാദത്തോട് കൂടി, ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തിന് ഓസ്ട്രേലിയ ന്യുസീലാന്‍ഡ്‌ ഭദ്രാസനത്തിന്‍റെ പാത്രിയര്‍ക്കല്‍ വികാരി അഭി. ഗീവര്‍ഗിസ് മാര്‍ അത്താനാസിയോസ്, കോട്ടയം ഭദ്രാസനത്തിന്‍റെ അഭി. ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്, കോഴിക്കോട് ഭദ്രാസനത്തിന്‍റെ അഭി. പൌലോസ് മാര്‍ ഐറേനിയോസ് എന്നീ പിതാക്കന്മാര്‍ സഹകാര്‍മ്മികത്വം വഹിക്കും.

വി. മൂറോന്‍ അഭിഷേക കൂദാശക്ക് വികാരി ഫാ. എല്‍ദോ വലിയപറമ്പില്‍ കണ്‍വീനറായി, സെക്രട്ടറി ഷെവലിയര്‍ തോമസ്‌ അബ്രഹാം, ട്രസ്റ്റി കുരുവിള ബെന്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒക്ടോബര്‍ 14-ആം തീയതി വെള്ളിയാഴ്ച വൈകുന്നേരം. 5:30-ന് ദൈവാലയ കവാടത്തില്‍ ശ്രേഷ്ഠ ബാവയേയും അഭി. പിതാക്കന്മാരെയും മറ്റ് അതിഥികളേയും സ്വീകരിക്കുന്നതിനെ തുടര്‍ന്ന് വി. മൂറോന്‍ അഭിഷേക കൂദാശ ആരംഭിക്കും. 15-ആം തീയതി ശനിയാഴ്ച രാവിലെ ശ്രേഷ്ഠ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാനയും തുടര്‍ന്ന് 12 മണിക്ക് പൊതു സമ്മേളനവും നടക്കും.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കും ഓസ്ട്രേലിയ ന്യുസീലാന്‍ഡ്‌ ഭദ്രാസനത്തിനും നാഴികക്കല്ലായി മാറുന്ന ചരിത്ര സംഭവത്തിന്‌ സാക്ഷ്യം വഹിക്കുവാന്‍ ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സഭാംഗങ്ങളെയും മറ്റ് വിശിഷ്ടാതിഥികളേയും സ്വീകരിക്കുവാന്‍ ഇടവകാംഗങ്ങള്‍ ഒരുങ്ങുകയാണ്.

കാര്യപരിപാടി

9/10/16 (ഞായര്‍)

08:45 am – പ്രഭാത നമസ്കാരം

09:30 am – വി. കുര്‍ബാന

11:00 am – ഒരുക്ക ശുശ്രൂഷ

01:30 pm – സമാപനം

14/10/16 (വെള്ളി)

05:30 pm – ശ്രേഷ്ഠ ബാവായ്ക്കും, പിതാക്കന്മാര്‍ക്കും, വിശിഷ്ടാതിഥികള്‍ക്കും സ്വീകരണം.

06:00 pm – കല്‍ക്കുരിശ് കൂദാശ, കൊടിയേറ്റ്, ദൈവാലയ കൂദാശ

15/10/16 (ശനി)

08:00 am – പ്രഭാത നമസ്കാരം

09:30 am – വി. മൂന്നിന്മേല്‍ കുര്‍ബാന

12:00 pm – പൊതുസമ്മേളനം

01:30 pm – സമാപനം

16/10/10 (ഞായര്‍)

08:45 am – പ്രഭാത നമസ്കാരം

09:30 am – വി. മൂന്നിന്മേല്‍ കുര്‍ബാന

11:00 am – വചന ശുശ്രൂഷ

11:30 am – പ്രദക്ഷിണം

12:30 pm – നേര്‍ച്ച സദ്യ

01:00 pm – കൊടിയിറക്ക്