മാന്യമായി മരിക്കുക മൗലികാവകാശം; ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

0

രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു.

ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന രോഗികളിലാണ് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മാന്യമായി മരിക്കുക എന്നത് മൗലികാവകാശമാണെന്ന് കോടതി വ്യക്തമാക്കി. ‘അന്തസ്സോടെയുള്ള മരണം’ പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വയ്ക്കാം. എന്നാൽ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാൻ അനുവാദം നൽകില്ലെന്നും വിധിയിൽ പറയുന്നു. പൊതുതാൽപര്യ ഹർജിയുടെ അടിസ്ഥാനത്തിലാണു വിധി.

ആയുസ്സ് നീട്ടാൻ താൽപര്യമില്ലാത്ത രോഗികൾക്കു മരണപത്രിക തയാറാക്കാം. ബന്ധുക്കൾക്കോ ആശുപത്രികൾക്കോ കോടതികൾക്കോ പത്രിക കൈമാറണം. ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് പത്രികയിൽ ആവശ്യപ്പെടാനാകും. രോഗി അബോധാവസ്ഥയിൽ ആയതിനുശേഷം മാത്രമേ പത്രിക ഉപയോഗിക്കാവൂയെന്നും കോടതി വിധിയിൽ പ്രസ്താവിക്കുന്നു. ഒരിക്കലും അസുഖം മാറില്ലെന്ന് മെഡിക്കൽ ബോർഡ് ഉറപ്പുനൽകിയാൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിൻവലിക്കാൻ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു നിർണായക വിധി പുറപ്പെടുവിച്ചത്.

ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസ് എന്ന സംഘടനയാണു കോടതിയെ സമീപിച്ചത്. ജീവിതത്തിലേക്കു മടങ്ങിവരാൻ കഴിയില്ലെന്ന് ഉറപ്പുള്ള രോഗികൾക്കു മുൻകൂർ മരണതാൽപര്യം രേഖപ്പെടുത്താനും അതനുസരിച്ച് ദയാവധം അനുവദിക്കാനും സമ്മതിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണയോടെ രോഗിയുടെ ജീവൻ നിലനിർത്തണമോ അതോ മരിക്കാൻ അനുവദിക്കണമോയെന്നു കോടതി കേന്ദ്രസർക്കാരിനോട് നേരത്തേ ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ദയാവധത്തിന് അനുകൂലനിലപാട് അറിയിക്കുകയും ചെയ്തു.നാല് വിധിന്യായങ്ങളാണ് ആണ് ബെഞ്ച് പുറപ്പെടുവിച്ചത്. ദയാവധത്തിന്റെ മാര്‍ഗനിര്‍ദേശം സംബന്ധിച്ച് വിധിന്യായങ്ങളില്‍ ഏക അഭിപ്രായം ആണെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഒന്നാം നമ്പര്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റീസിനും ജസ്റ്റീസ് ഖാന്‍വില്‍കറും തയ്യാറാക്കിയ വിധിന്യായമാണ് ഇതിനകം പുറപ്പെടുവിച്ചത്. മറ്റു മൂന്നു വിധിന്യായങ്ങള്‍ വായിച്ചുവരികയാണ്.